Saturday, October 18, 2008

പ്രണയം സമകാലികം പ്രകാശനം ചെയ്തു






"പ്രണയം സമകാലികം" പ്രവാസി എഴുത്തുകാരനായ ലത്തിഫ് മമ്മിയൂരിന്റെ പുതിയ ചെറുകഥാ സമാഹാരം ഈ കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ലാന്‍ഡ്മാക്ക് ഹോട്ടലിലെ പ്രൌഢഗംഭീരമായ ‍ ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടു..

പ്രശസ്ത അറബ് അഡ്വക്കറ്റും സാമൂഹ്യ പ്രവറ്ത്തകനുമായ അബ്ദുള്ള അല്‍ അലി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മസ്‌ഹറിന്ന് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

൧൬ കഥകളഅണിതിലുള്ളത്.
൧ പ്രണയം സമകാലികം
൨ ഒരു പുലറ്കാലെ
൩ കരിമരുന്ന്
൪ ഇരയും പരാധിയും ഒരു തുടറ്ക്കഥ.
൫ വിനാശപറ്‌വ്വം
൬ വിലാപങളൂടെ സ്വരഗതികള്‍
൭ പ്രച്ഛന്ന വേഷങള്‍
൮ മുത്തച്ഛന്റെ കാമുകിമാറ്
൯ അച്ഛനുറങാത്ത വീട്
൧൦ ഒരു കൂലി തല്ലുകാരന്റെ ജീവിതത്തില്‍ നിന്ന്
൧൧ ദൈവത്തിന്റെ വഴികള്‍
൧൨ സുഖസദനത്തിലെ രാത്രി
൧൩ രാത്രിപോലെ
൧൪ അഗ്രഹാരത്തില്‍ ഒരോണക്കാലത്ത്
൧൫ അക്ഷരത്തേരില്‍
൧൬ പൂരകങള്‍

Tuesday, September 23, 2008

സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസം


------ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്‌. വിശപ്പിന്റെ വിളി എന്തെന്ന്‌ ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം. ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക്‌ ഇല്ലാത്തവന്റെ അന്നത്തിലേക്ക്‌ ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം. മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.


------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്‌(സ)മുന്നില്‍ ജിബ്‌-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക്‌ വായന വശമില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്‌. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ്‌ പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന്‌ ഹൃദയത്തി ലേക്ക്‌ പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട്‌ തുടര്‍ന്നുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന്‌ വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്‌, അറിവാണ്‌, സംസ്ക്കാരമാണ്‌ മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത്‌ മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന്‌ വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ്‌ ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്‌


------ഒരുപാട്‌ നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട്‌ ഉഴലുന്ന ഹൃദയങ്ങളോട്‌ കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക്‌ ഒന്നായി പ്രാര്‍ത്ഥിക്കാം. ..


എം.എച്ച്.സഹീര്‍

Friday, September 5, 2008

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം

പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില്‍ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം
.ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി
ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു.വയലേലകളില്‍ ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക
മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങമാസം ,കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞിരുന്ന നെല്ലും മനസ്സില്‍
നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും
ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.
എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ
നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു.നമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.
ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന്‍ പ്രക്രതിപോലും അതീവശ്രദ്ധയാണ്.പൂത്തുലഞു നില്‍ക്കുന്ന
പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു
.പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നുഗ്രമാന്തരങളില്‍ പോലും
പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി
നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.കാലം കഴിയുംതോറും ഓണത്തിന്റെ
ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള
നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ
ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല്‍ വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.കാണം
വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന്‍ ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും
ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള്‍
ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍ ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി
പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ,സ്വന്തം ചോ രയില്‍
പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്‍, കടക്കെണിയില്‍ നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്,
ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ്‍ നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്‍‌.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ
നാടിന്ന് ഗുണ്ടാക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ
മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള്‍ പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്
. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യമനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ നിറഞ നല്ലൊരു പുന്ചിരി വിടരാന്‍ കൊതിക്കുന്നവരെങ്കിലും ആകാം നമുക്ക്.സ്നേഹപൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി
ഹൃദയബന്ധങള്‍ തമ്മില്‍ തീറ്ക്കുന്ന ഒരു സ്നേഹപൂക്കളമൊരുക്കാം നമുക്ക്.
Narayanan veliancode,
Dubai.0097150657958

Monday, June 2, 2008

വാള്‍ മുനയില്‍ നിന്ന് ജീവിതത്തിലേക്ക്

വാള്‍ മുനയില്‍ നിന്ന് ജീവിതത്തിലേക്ക്
അമ്മാര്‍ കിഴുപറമ്പ്

ഒടുവില്‍ ഉള്‍ക്കിടിലത്തോടെ കാത്തിരുന്ന ആ വെള്ളിയാഴ്ചപുലര്‍ന്നു. കഴിഞ്ഞ ഓരോ വെള്ളിയാഴ്ചയും കടന്നുപോയതുഭീതിപരത്തിയാണ്. വെള്ളിയാഴ്ച മാത്രമേ തലവെട്ടല്‍നടപ്പാക്കുകയുള്ളൂ എന്നതുകൊണ്ടു തന്നെ അന്നേ ദിവസംകഴിഞ്ഞാല്‍ പിന്നെ ഒരാഴ്ച വരെ ആയുസ്സ് നീണ്ടുകിട്ടും. ഒരുതരംമരവിച്ച അവസ്ഥയില്‍ സെല്ലിനുള്ളില്‍ കഴിഞ്ഞുകൂട്ടുകയായിരുന്നു.പുതുവസ്ത്രങ്ങളും ഭക്ഷണങ്ങളും തന്ന് അധികൃതര്‍ സ്നേഹംപ്രകടിപ്പിച്ചതോടെ മനസ്സ് മുഴുവന്‍ ഈ ലോകത്തോടു വിടപറയാന്‍സന്നദ്ധമായി. ആരെയെങ്കിലും വിളിച്ചു സംസാരിക്കാനുണ്െടങ്കില്‍ആവാമെന്നു പറഞ്ഞു ഫോണ്‍ അനുവദിച്ചെങ്കിലും വേണ്െടന്നുപറഞ്ഞു. മനസ്സ് വീണ്ടും മോഹങ്ങള്‍ നെയ്യുമെന്നുംബന്ധുജനങ്ങളുടെ വാക്കുകള്‍ മനസ്സിന്റെ വേദനഅധികരിപ്പിക്കുമെന്നുമായിരുന്നു ഭയം. പുതുവസ്ത്രങ്ങള്‍ മാറ്റിപ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ മരണം പ്രതീക്ഷിച്ചു നിന്നു.ചുറ്റും കമ്പികൊണ്ടു മറച്ച വാഹനത്തിനു പുറകെ അപായമണിമുഴക്കി ആംബുലന്‍സും മറ്റു രണ്ടു വാഹനങ്ങളുമുണ്ടായിരുന്നു.നോക്കെത്താദൂരത്തു വ്യാപിച്ചുകിടക്കുന്ന മണല്‍പ്പരപ്പിലൊരിടത്തുവാഹനവ്യൂഹം നിന്നു. കൈ രണ്ടും പുറകിലേക്കു വളച്ചുചങ്ങലകൊണ്ടു ബന്ധിച്ച് അവരയാളെ വാഹനത്തില്‍ നിന്ന് ഇറക്കിനടത്തിച്ചു. കുടിക്കാന്‍ വെള്ളം നല്‍കിയ ശേഷംമറ്റൊരുദ്യോഗസ്ഥന്‍ മണലില്‍ കാല്‍മുട്ടു മടക്കി ഇരുത്തിച്ചു. മുഖം കറുത്ത തുണികൊണ്ടു മറച്ചു.പ്രാര്‍ഥനയ്ക്ക് അവസരം കൊടുത്തു. ഒരുദ്യോഗസ്ഥന്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഇതോടെ ഹൃദയമിടിപ്പുപോലും നിലച്ചുപോയതായി തോന്നി.അതുവരെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങാതെ നിന്ന ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അരികിലേക്കുനടന്നുവന്നു. അയാള്‍ പാസ്പോര്‍ട്ട് ആവശ്യപ്പെടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. പിന്നീടയാള്‍മറ്റുള്ളവരോടു ക്ഷോഭിക്കുന്നതാണു കേട്ടത്. കഴുത്തില്‍ വാള്‍ത്തല പതിയുന്നതും കാത്തുനില്‍ക്കുമ്പോള്‍അവരുടെ സംഭാഷണം മുഹമ്മദ്കുട്ടിക്കു കേള്‍ക്കാമായിരുന്നില്ല. വാള്‍ പതിയുന്നതിനു പകരം പെട്ടെന്നുപിറകില്‍ നിന്ന് ആരോ അയാളെ ആഞ്ഞുതള്ളി. കൈ പിന്നില്‍ ബന്ധിച്ചതിനാലും ഓര്‍ക്കാപ്പുറത്തുള്ളപ്രഹരമായിരുന്നതിനാലും മണലില്‍ മുഖംകുത്തി വീണു. ആരൊക്കെയോ ചേര്‍ന്നു പിടിച്ചുയര്‍ത്തിവാഹനത്തില്‍ കയറ്റി.വീണ്ടും ജയിലിലേക്കു കൊണ്ടുപോയി. എന്താണു സംഭവിച്ചതെന്നു പിന്നീടാണു മനസ്സിലായത്. അന്നു ശിക്ഷനടപ്പാക്കേണ്ടിയിരുന്നതു മുഹമ്മദ് മുത്തൈരി എന്ന അറബിയെയായിരുന്നത്രെ. മുഹമ്മദ് എന്നു കേട്ടുജയിലധികൃതര്‍ തെറ്റിദ്ധരിച്ചു കൊണ്ടുപോയതാണെന്നറിഞ്ഞപ്പോള്‍ മനസ്സ് കുളിര്‍ത്തില്ല. കാരണം ആധിപൂണ്ട കുറേ ദിനാരാത്രങ്ങള്‍ കൂടി ലഭിച്ചു എന്നല്ലാതെ മോചനം ഇല്ലെന്നത് ഉറപ്പായിരുന്നു. പാസ്പോര്‍ട്ടുംഫോട്ടോയും അവസാനവട്ട പരിശോധന നടത്തിയ ഉദ്യോഗസ്ഥനു കൂടി അബദ്ധം പിണഞ്ഞിരുന്നുവെങ്കില്‍...ചെയ്യാത്ത കുറ്റത്തിന്... ഒരു ജന്മം ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിയുമായിരുന്നു.ഗൂഢാലോചനഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സിനിമാ കഥ പോലെ കുഞ്ഞുമുഹമ്മദ് കുട്ടിക്കു തോന്നുന്നു. മൂന്നുമാസത്തെലീവില്‍ നാട്ടില്‍ വന്നതാണ്. നാട്ടിലെത്തിയപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കടുത്ത ചൂടിലായിരുന്നുമുന്നിയൂര്‍ പഞ്ചായത്ത്. ലീഗ്പ്രവര്‍ത്തകനായ മുഹമ്മദ്കുട്ടിയുടെ ഒഴിവുദിവസങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിനുവേണ്ടി കഴിഞ്ഞു തീര്‍ന്നു. പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കൈയിലായി. സന്തോഷത്തോടെ തിരിച്ചുസൌദിയിലേക്കു പുറപ്പെടുന്നതു മുതലാണ് അയാളുടെ ജീവിതമാകെ മാറ്റിയ സംഭവങ്ങളുടെ പരമ്പരതുടങ്ങുന്നത്.മുന്നിയൂര്‍ പഞ്ചായത്തില്‍ നിന്നു നൂറുകണക്കിന് ആളുകള്‍ റിയാദിലുണ്ട്. കുഞ്ഞിമുഹമ്മദ് കുട്ടിയുടെബന്ധുക്കളും അടുത്ത പ്രദേശത്തുകാരും ഉറ്റവര്‍ക്കുള്ള സാധനങ്ങളും കത്തുകളും നേരിട്ടു കണ്ടും അതിനുകഴിയാത്തവര്‍ പറഞ്ഞേല്‍പ്പിച്ച കടകളിലുമാണ് ഏല്‍പ്പിച്ചത്. ദമ്മാമിലും റിയാദിലുമുള്ളവര്‍ക്കു കൊടുക്കാനുള്ളനൂറോളം കത്തുകള്‍. ദമ്മാം എയര്‍പോര്‍ട്ടിലെ നാര്‍ക്കോട്ടിക് സെല്‍ അധികൃതരുടെ പിടിയിലകപ്പെടാന്‍ഇടയാക്കിയത് ആ കത്തുകളാണ്. മുംബൈ-ബഹ്റയ്ന്‍, ബഹ്റയ്ന്‍-ദമ്മാം കണക്ഷന്‍ വിമാനത്തിലാണുമുഹമ്മദ്കുട്ടി അന്നു യാത്ര ചെയ്തിരുന്നത്. വിമാനം 8.10നു ബഹ്റയ്നില്‍ നിന്നു പറക്കുന്നതിനു മുമ്പേമുന്നിയൂരിലെ സ്ഥിരതാമസക്കാരനും റവന്യു ഇന്‍സ്പെക്ടറുമായ ആര്‍.ഐ. ബാവയുടെ 2460505 നമ്പറില്‍പാലപ്പെട്ടികുഞ്ഞൂട്ടി ദമ്മാം എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടെന്നു ഫോണ്‍ വന്നിരുന്നു. ആരാണു വിളിക്കുന്നതെന്നുചോദിച്ചപ്പോള്‍ -ദിസ് ഈസ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ലി -എന്നുപറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഈ സമയത്തുബഹ്റയ്നില്‍ നിന്നും മുഹമ്മദ്കുട്ടി ദമ്മാമിലേക്കുള്ള യാത്രയിലായിരുന്നു എന്നതില്‍ നിന്നു തന്നെ ഇതൊരുമുന്‍കൂട്ടിയുള്ള പദ്ധതിയായിരുന്നു എന്നു വ്യക്തമായിരുന്നു.ദമ്മാം എയര്‍പോര്‍ട്ടില്‍ കസ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞു സാധനങ്ങളുമായി പുറത്തിറങ്ങുമ്പോഴാണുപിന്നില്‍ നിന്ന് അറബിഉദ്യോഗസ്ഥന്‍ 'പാലപ്പെട്ടി കുഞ്ഞൂട്ടി' എന്നു വിളിക്കുന്നതു കേട്ടത്. നാട്ടുകാര്‍ മാത്രംവിളിക്കുന്ന പേര് എങ്ങനെ അറബി അറിഞ്ഞുവെന്നു ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ രണ്ടാമത്തെചോദ്യം പുറത്തെടുത്തു. 'വെയിന്‍ രിസാല?' (കത്തുകളെവിടെ?).ഉത്തരം നല്‍കും മുമ്പേ അറബി പ്രത്യേക മുറിയിലേക്കു മുഹമ്മദ്കുട്ടിയെ കൊണ്ടുപോയി. കൈയിലുംബാഗിലുമുള്ള മറ്റു സാധനങ്ങളൊന്നും തൊടാതെ അയാള്‍ കത്തുകള്‍ മുഴുവന്‍ വാങ്ങി മേശപ്പുറത്തു നിരത്തി.വി.പി. ഖാലിദിനും സി.എ. മജീദിനുമുള്ള രണ്ടു കത്തുകള്‍ തിരഞ്ഞെടുത്ത് അറബി പൊട്ടിച്ചു. ഒന്നില്‍ കുറേഅശ്ളീലചിത്രങ്ങളുടെ നെഗറ്റീവുകളും മറ്റൊന്നില്‍ കുറേ ചെടിവിത്തുകളുമായിരുന്നു. വിത്തുകള്‍കൈയിലെടുത്ത ശേഷം അറബി പറഞ്ഞു: 'മര്‍വാനബുദൂര്‍' (കഞ്ചാവ് ചെടിയുടെ വിത്തുകള്‍). അപ്പേഴേക്കുംയൂനിഫോമിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ചുറ്റിലും കൂടിയിരുന്നു. ഇതാര്‍ക്കു വേണ്ടികൊണ്ടുവന്നതാണെന്നു പറഞ്ഞാല്‍ രക്ഷപ്പെടാമെന്നായി ഉദ്യോഗസ്ഥന്മാര്‍. ഒന്നും പറയാനാവാതെ ഏറെനേരം നിന്നു.നാര്‍ക്കോട്ടിക് സെല്ലില്‍അപ്പേഴേക്കും ഡോക്ടര്‍മാരെത്തി രക്തപരിശോധനയ്ക്കു സാമ്പിള്‍ ശേഖരിച്ചു. കൈയും കാലുംചങ്ങലകൊണ്ടു ബന്ധിച്ചു വാഹനത്തില്‍ കയറ്റി ദമ്മാമിലെ 91 നാര്‍ക്കോട്ടിക് സെക്ഷന്‍ ജയിലിലേക്കു മാറ്റി.അറബികളും പാകിസ്താനികളും മാത്രമുള്ള ജയിലില്‍ കടുത്ത പീഡനത്തിന്റെ നാളുകളായിരുന്നു പിന്നീട്.ഇതു വെറുമൊരു മയക്കുമരുന്നു കടത്തുകേസല്ല. സൌദിഅറേബ്യയാകെ കഞ്ചാവ് കൃഷി നടത്താന്‍ പറ്റുന്നവിത്തുകളാണു പിടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ്കുട്ടി ഒരു വന്‍സംഘത്തിലെ കണ്ണിമാത്രമാണെന്ന് അധികൃതര്‍ അനുമാനിച്ചു. നാര്‍ക്കോട്ടിക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെചോദ്യംചെയ്യലില്‍ ആരും കുറ്റം ഏറ്റുപറഞ്ഞുപോവും. 42 ദിവസം ലോക്കപ്പില്‍ കഴിയേണ്ടിവന്നു. കൈയുംകാലും ചങ്ങലയ്ക്കിട്ട് ഇലക്ട്രിക് കസേരയിലിരുത്തിയാണു ചോദ്യംചെയ്യല്‍. റിമോട്ട് വഴി ഇടയ്ക്കിടയ്ക്കുവൈദ്യുതി നല്‍കുമ്പോള്‍ ശരീരത്തിലെ മുഴുവന്‍ ഞരമ്പുകളും ആഘാതമേറ്റു പിടയ്ക്കും. കാലിന്റെവെള്ളയില്‍ ഇരുമ്പ്ദണ്ഡ് കൊണ്ടടിക്കുമ്പോള്‍ ഏതു ഹൃദയവും ഒന്നു പതറും.കുറ്റസമ്മതംതെറ്റു സമ്മതിച്ചാല്‍ രക്ഷപ്പെടാം. പക്ഷേ, ശിരച്ഛേദമാണു ശിക്ഷയെന്നതിനാല്‍ ചെയ്യാത്ത കുറ്റം സമ്മതിക്കാനുംമനസ്സ് വന്നില്ല. കൂടെ ലോക്കപ്പില്‍ കിടക്കുന്ന അറബികള്‍ പറഞ്ഞു: 'കുറ്റം സമ്മതിച്ചാല്‍ വെറുതെ പീഡനംസഹിക്കേണ്ട. കോടതിയിലെത്തുമ്പോള്‍ മാറ്റിപ്പറഞ്ഞാല്‍ മതി.' ഈ ഉപദേശം മുഖവിലയ്ക്കെടുത്താണുചെയ്യാത്ത കുറ്റം സമ്മതിച്ചത്.ദമ്മാം ജയിലില്‍ ആറുമാസം കിടന്നതിനുശേഷമാണു കേസ് പരിഗണനയ്ക്കു പോലും വന്നത്. ജയിലില്‍മലയാളികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കൊലകുറ്റത്തിനു പതിനേഴു വര്‍ഷമായിശിക്ഷയനുഭവിക്കുന്ന തിരൂരങ്ങാടിക്കാരന്‍ കുഞ്ഞുമുഹമ്മദ്, മയക്കുമരുന്നു കേസിലകപ്പെട്ടകോഴിക്കോട്ടുകാരായ യാക്കൂബ്, അഷ്റഫ്, തൃശൂര്‍ സ്വദേശി ജോണ്‍സണ്‍ ഇവര്‍ക്കിടയിലെല്ലാം കഞ്ചാവ് കൃഷിചെയ്യാന്‍ വന്ന ആളെന്ന നിലയില്‍ മുഹമ്മദ്കുട്ടി ശ്രദ്ധേയനായി.അറബിജ്ഞാനം രക്ഷയായികോടതിയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അറബിയിലേക്കു തര്‍ജമ ചെയ്യാന്‍ പാകിസ്താനിയായ ഒരാളെയാണുലഭിച്ചത്. അയാളുടെ ഭാഷാപരിജ്ഞാനം കൂടുതല്‍ അബദ്ധങ്ങളില്‍ വീണ്ടും ചാടിക്കുമെന്നുമനസ്സിലാക്കിയപ്പോള്‍ തനിക്ക് അറബി സംസാരിക്കാനറിയാമെന്നു മുഹമ്മദ്കുട്ടി കോടതിയെ ധരിപ്പിച്ചു. പിന്നീടുകാര്യങ്ങള്‍ എളുപ്പമായിരുന്നു. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരോടു കുറ്റമേറ്റു കളവ് പറഞ്ഞതിനുള്ള ആദ്യവിധിവന്നു- 78 ചാട്ടവാറടി. കഞ്ചാവ് വിത്തുകേസിനു ഫഹദ്രാജാവിന്റെ സുപ്രിം കോടതിയില്‍ നിന്നുംതാമസിയാതെ വിധി വരുമെന്നു ജയിലധികൃതര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എഴുപത്തിയെട്ടു ചാട്ടവാറടിക്കുശരീരം വഴങ്ങിക്കൊടുത്തു. മരണം മുന്നില്‍ കാണുന്നവന് ആ ചാട്ടവാറടി വെറുമൊരു ഉറുമ്പുകടിമാത്രമായിരുന്നു. അറബിഭാഷ അിറയാവുന്നതുകൊണ്ടു പല മലയാളികളുടെയും പരിഭാഷകനായിമുഹമ്മദ്കുട്ടി. കോടതി-ജയില്‍ ഉദ്യോഗസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു. സഹതടവുകാരായചുനക്കര രാമന്‍കുട്ടിയും മഹേഷും മതംമാറി അബ്ദുല്ലയും ഖാലിദുമായി. ഖുര്‍ആന്‍ മനപ്പാഠമാക്കുകയോഅന്യമതസ്ഥരെ ഇസ്ലാമിലേക്കു വരാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷയില്‍ ഇളവു ലഭിക്കും.മരണാനന്തര പ്രാര്‍ഥനകള്‍ജയിലില്‍ 1, 2, 3, സെല്ലുകളിലാണു മയക്കുമരുന്നു പ്രതികളെ പാര്‍പ്പിക്കുന്നത്. ഇതില്‍ ഒന്നിലെത്തിയാല്‍ പിന്നെഏതു നിമിഷവും തലവെട്ടുമെന്നാണ് അലിഖിത നിയമം. മൂന്നില്‍ പ്രതികളുടെ എണ്ണം പെരുകിയപ്പോള്‍ആളുകള്‍ കുറവുള്ള ഒന്നിലേക്കു മാറ്റണമെന്ന അപേക്ഷ അധികൃതര്‍ സാധിച്ചുകൊടുത്തു. പലരും ജയിലില്‍കാണാന്‍ വരുമായിരുന്നു. തുക്ബയില്‍ ജോലി ചെയ്തിരുന്ന നാട്ടുകാരായ മൊയ്തീന്‍ കുട്ടിയും ബീരാനുംവന്നപ്പോള്‍ ഒന്നാം നമ്പര്‍ സെല്ലിലാണു തന്നെ കണ്ടത്. ഒന്നാം നമ്പര്‍ സെല്ലിലെത്തിയാല്‍തലവെട്ടുമെന്നുറപ്പാണ്! വിവരം നാട്ടിലും സുഹൃത്തുക്കളിലുമെത്തി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കു ശേഷംതല കൊയ്യുമെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. മുന്നിയൂര്‍ പള്ളിയിലും ഗള്‍ഫിലെ പള്ളിയിലുംമരണാനന്തരപ്രാര്‍ഥനകള്‍ വരെ നടന്നു. ഗ്രാമം കുഞ്ഞിമുഹമ്മദിന്റെ കഥകള്‍കൊണ്ടു നിറഞ്ഞു. വെറുതെപേടിപ്പിക്കാന്‍ വേണ്ടി കഞ്ചാവ്കുരു കത്തിലിട്ടയച്ചവരെ ബന്ധുക്കളും നാട്ടുകാരും കണ്െടത്തി പെരുമാറി.ജയിലഴികള്‍ക്കുള്ളില്‍ തിരിച്ചെത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ വന്നു ക്ഷമ ചോദിച്ചു. 'നിന്റെ ഫയലുകള്‍ വന്നിട്ടില്ല.നാളെ വന്നാല്‍ അടുത്ത ആഴ്ച നടപ്പാക്കാം...' കരുണയോടെ എന്നതുപോലെ അയാള്‍ മൊഴിഞ്ഞു... പിറ്റെആഴ്ചയും ശിക്ഷ നടപ്പാക്കിയില്ല.മാസങ്ങള്‍ പലതുകഴിഞ്ഞു. ഖുര്‍ആന്‍ മനപ്പാഠമാക്കിയാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നറിഞ്ഞതോടെമുഹമ്മദ്കുട്ടി ആ വഴിക്കുള്ള ശ്രമം തുടങ്ങി. ഏഴുമാസം കൊണ്ടു പതിനേഴ് അധ്യായങ്ങള്‍ ഹൃദ്യസ്ഥമാക്കി.ഓരോ അധ്യായം മനപ്പാഠമാക്കുമ്പോഴും അവ പരിശോധിച്ചു ജഡ്ജിമാര്‍ ഓരോ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതുകോടതിരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. റംസാന്‍, മറ്റു വിശിഷ്ട ദിവസങ്ങള്‍ എന്നിവ വരുമ്പോള്‍രാജകുടുംബം പലരേയും പൊതുമാപ്പു നല്‍കി ജയില്‍മോചിതരാക്കും. ഈ പരിഗണനയ്ക്കു സര്‍ട്ടിഫിക്കറ്റുകള്‍തുണയാവും.മുളയ്ക്കാത്ത വിത്തുകള്‍അതിനിടെ പ്രാര്‍ഥനയ്ക്കുത്തരമെന്നോണം ലാബ്പരിശോധന ഫലം പുറത്തുവന്നു. ഉല്‍പ്പാദനശേഷിയില്ലാത്തമുളയ്ക്കാത്ത വിത്തുകളാണു പിടിച്ചത്. ഇതോടെ വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ആഴ്ചകള്‍ക്കു ശേഷംഫഹദ്രാജാവിന്റെ സുപ്രിംകോടതിയില്‍ നിന്നും വിധി പ്രഖ്യാപിച്ചിരുന്നു- ഇരുപതുവര്‍ഷം കഠിനതടവുംശേഷം നാടുകടത്തലും! ഈ വിധിപ്പകര്‍പ്പിലെ ഒരു പിഴവ് കാര്യങ്ങള്‍ എളുപ്പമാക്കി. അറബിയില്‍ ഇരുപത്എന്നെഴുതിയതു ജയിലധികൃതര്‍ രണ്െടന്നാണു വായിച്ചത്. അപ്പേഴേക്കും അഞ്ചുവര്‍ഷം ശിക്ഷഅനുഭവിച്ചുകഴിഞ്ഞതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യയിലേക്കു കയറ്റിഅയക്കാന്‍ തീരുമാനിച്ചു.ഉദ്യോഗസ്ഥര്‍ക്കു പറ്റിയ ഒരബദ്ധത്തില്‍ തലകൊയ്യുന്നതില്‍ നിന്നു രക്ഷപ്പെട്ടതുപോലെ ഇരുപതുവര്‍ഷത്തെജയില്‍വാസം മറ്റൊരബദ്ധത്തിലൂടെ രണ്ടുവര്‍ഷമായി മാറി. ഇതിനിടെ ജയിലധികൃതരുടെസ്നേഹവാല്‍സല്യങ്ങള്‍ക്കു പാത്രമായതിനാല്‍ ജയില്‍സൂപ്രണ്ട് തന്നെ വിസ നല്‍കിയ കമ്പനിക്കു വിളിച്ചുവിമാന ടിക്കറ്റ് നല്‍കാനാവശ്യപ്പെട്ടു. എല്ലാ കടലാസുകളും ശരിപ്പെടുത്തി കയ്യാമം വച്ചുവിമാനത്താവളത്തിലെത്തിയിട്ടും മുഹമ്മദ്കുട്ടിക്ക് ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഇതെല്ലാം സ്വപ്നമോ യാഥാര്‍ഥ്യമോ? ഭാര്യ സഫിയക്കും മക്കളായ ബുഷ്റ, സലീന, കോയ, എന്ന മൊയ്തീന്‍കുട്ടിക്കും മുഹമ്മദ്കുട്ടി ജയിലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം, അയാളുടെ കാരാഗ്രഹ വാസത്തേക്കാള്‍ പ്രയാസംനിറഞ്ഞതായിരുന്നു. പൊന്നും പണവും സുഖസൌകര്യങ്ങളുമില്ലെങ്കിലും ചാരത്തു പിതാവുണ്ടായാല്‍മതിയെന്ന് അവര്‍ പ്രാര്‍ഥിച്ചു. പൊതുജനം ഓരോ വെള്ളിയാഴ്ചയും തലവെട്ടിയെന്നു വാര്‍ത്തപ്രചരിപ്പിക്കുമ്പോഴും സഫിയയുടെ മനസ്സ് ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. തന്റെ ജീവന്‍ സൌദിയിലെആരാച്ചാര്‍ക്കു സമ്മാനിക്കാന്‍ മോഹിച്ച രാഷട്രീയവിരോധികളുടെ മുന്നിലൂടെ ഇന്നും മുഹമ്മദ്കുട്ടിതലയുയര്‍ത്തി നടക്കും. എട്ടുവര്‍ഷങ്ങള്‍ സൌദിയില്‍ കഴിഞ്ഞെങ്കിലും പ്രാരാബ്ധങ്ങളുടെ കടല്‍നീന്തികടക്കാന്‍ മുഹമ്മദ്കുട്ടിക്കു കഴിഞ്ഞിട്ടില്ല. ദുബയ് മോഡേണ്‍ എജ്യുക്കേഷന്‍ സ്കൂളിന്റെകാവല്‍ക്കാരനായി പാലപ്പെട്ടി കുഞ്ഞുമുഹമ്മദ് ഇന്നും ജീവിക്കുന്നു; ജീവിതത്തില്‍ ഇനിയെന്തുംഅനുഭവിച്ചുതീര്‍ക്കാന്‍ ത്രാണിയുണ്െടന്ന കരളുറപ്പോടെ.

ഇത്‌ മെയിലില്‍ ലഭിച്ചതാണ്‌.

Monday, May 5, 2008

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.




വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.


ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക കഥാപുര സ്കാരങ്ങള്‍ പ്രഖാപിച്ചു.



എം. എച്ച്‌ . സഹീര്‍.


എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.



കെ എം അബ്ബാസ്‌.


കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',


സാദിഖ്‌ കാവില്‍.

സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.

അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാകൃത്തുക്കളായ പി.സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.

Wednesday, April 2, 2008

താതവാക്യം അഥവാ, പഞ്ചതന്ത്രം

താതവാക്യം അഥവാ, പഞ്ചതന്ത്രം
രാജീവ് ചേലനാട്ട്



മകനേ, നിനക്ക് അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചു രാജ്യം. നല്ല വണ്ണം നോക്കിനടത്തണം കേട്ടോ. പണ്ടു നീ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ സന്തോഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം വെച്ചുനീട്ടുമ്പോള്‍‍ നിന്റെ മുഖത്തുണ്ടാകാന്‍ പോകുന്ന അത്ഭുതവും സന്തോഷവും ആലോചിച്ചായിരുന്നു ഞാന്‍ അന്ന് സന്തോഷിച്ചിരുന്നത്. നീ അന്ന് ഊഹിച്ചിട്ടുപോലുമുണ്ടാകില്ല അല്ലേ, ഇത്ര വലിയ ഒരു സമ്മാനം ഒരിക്കല്‍ നിനക്ക് കിട്ടുമെന്ന്? അതോ, നിനക്ക് അറിയാമായിരുന്നോ, ഇത് ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്? എന്തായാലും ഇന്ന് ആ ദിവസം സമാഗതമായിരിക്കുന്നു. ഞാന്‍ നിനക്ക് ഒരു വലിയ കളിപ്പാട്ടം തരുന്നു. അതിനെ വേണ്ടുംവണ്ണം കാത്തുസൂക്ഷിക്കണം. നഷ്ടപ്പെടാതെ, നശിക്കാന്‍ ഇടവരുത്താതെ. ഒരു രാജ്യം എന്നത് ഒരു വലിയ കളിപ്പാട്ടമാണ്. നമ്മുടെ പൂര്‍വ്വികരില്‍നിന്ന് നമ്മള്‍ കൈപറ്റി, നമ്മുടെ പിന്‍ഗാമികളുടെ കൈയ്യില്‍ നമ്മള്‍ ഭദ്രമായി ഏല്‍പ്പിക്കുന്ന ഒരു കളിപ്പാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ്. പക്ഷേ ഈ സംരക്ഷണാവകാശം നമ്മള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടുള്ളതല്ല. അവിടെയാണ് നമ്മുടെ പ്രസക്തി. നമ്മുടെ രാജവംശത്തിന്റെ പ്രസക്തി. സംരക്ഷിക്കുന്നവനു മാത്രമേ കൈക്കൊള്ളാന്‍ അവകാശമുണ്ടായിരിക്കൂ. അപ്പോള്‍ ഒരു പ്രധാനപ്പെട്ട ചോദ്യം വരുന്നു. എങ്ങിനെയാണ് ഈ കളിപ്പാട്ടത്തെ നമ്മള്‍ സംരക്ഷിക്കുക? അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലതന്നെ. എന്തിനും ഏതിനും പൈസ വേണം. കമിഴ്ന്നു വീണാല്‍ കാപ്പണം എന്നു പറയും പണ്ടുള്ളവര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം നമ്മളത് ഉണ്ടാക്കണം. എവിടെനിന്നാണ് കിട്ടുക എന്നല്ലേ? അപ്പോഴാണ് നമുക്ക് ഒരു തമാശ കാണാനാവുക. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ധനം എന്ന ഈ വസ്തു, പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നില്ല കുമാരാ. അര്‍ത്ഥം ഉണ്ടാക്കുന്ന ഒരു അനര്‍ത്ഥം എന്നും ആലങ്കാരികമായി പറയാം. നമ്മള്‍ പറയുന്നതൊക്കെ ആലങ്കാരികമായി തോന്നണം ആളുകള്‍ക്ക്. നമ്മള്‍ തോന്നിപ്പിക്കുകയൊന്നും വേണ്ട. അവര്‍ക്ക് തോന്നിക്കോളും. പറഞ്ഞുവന്നത്, ഈ ധനം എന്നത്, വളരെക്കുറച്ച് ആളുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. വലിയ വലിയ വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍, ഇവരുടെയൊക്കെ കയ്യിലാണ് ഈ ധനം മുഴുവന്‍ കിടന്നു പുളക്കുന്നത്. അവരെ നമ്മള്‍ സംരക്ഷിക്കുക. അവര്‍ നമ്മെയും സംരക്ഷിക്കും. നമ്മളെ എന്നു പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ. നമ്മുടെ ഈ കൊച്ചു കളിപ്പാട്ടത്തെ. പക്ഷേ ഇവിടെ മറ്റൊരു വലിയ അപകടമുണ്ട്. നമ്മള്‍ സംരക്ഷിക്കുന്ന ഇക്കൂട്ടരെ ഒരിക്കലും നമ്മള്‍ മുഷിപ്പിക്കരുത്. മുഷിപ്പിച്ചോ, അന്നു തീര്‍ന്നു നമ്മുടെ കാര്യം. നമ്മള്‍ അവരെ സംരക്ഷിക്കുന്നു എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവരാണ് നമ്മെ സംരക്ഷിക്കുന്നത്. നമ്മളില്ലെങ്കിലും അവര്‍ എങ്ങിനെയെങ്കിലും പിഴച്ചുപോയ്ക്കോളും. നമ്മളല്ലെങ്കില്‍ മറ്റൊരുത്തനുണ്ടാകും അവരെ സംരക്ഷിക്കാന്‍. അതുകൊണ്ട് അവരെ ഒരു കാരണവശാലും മുഷിപ്പിക്കരുത് കുമാരാ.
ഇതൊന്നും ശരിക്കും ഞാനല്ല പറഞ്ഞുതരേണ്ടത്. മറ്റു രാജ്യങ്ങളിലൊക്കെ പണ്ടുകാലത്ത്, രാജഗുരു എന്നൊരു വര്‍ഗ്ഗമുണ്ടായിരുന്നു. രാജാവിനു മാത്രമല്ല, നിങ്ങളെപ്പോലുള്ള കുമാരന്‍മാര്‍ക്കും ഈ വക കാര്യങ്ങളൊക്കെ ചെറുപ്രായത്തില്‍ തന്നെ പറഞ്ഞുകൊടുത്തിരുന്നത് അവരായിരുന്നു. ആയോധനമുറകളുടെയും, രാജ്യഭരണചനിന്റെ പ്രാഥമികപാഠങ്ങളുടെയും, ഓതിരവും കടകവും കുട്ടികളെ ചെറുപ്പചനില്‍ തന്നെ അവര്‍ പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ഇങ്ങിനെ കിട്ടുന്ന പൈസയൊക്കെ എങ്ങിനെയാണ് നമ്മള്‍ വിനിയോഗിക്കേണ്ടത് എന്നിടത്താണ് അടുത്ത പാഠം. ജനക്ഷേമകാര്യങ്ങള്‍ക്കാണ് ഇതൊക്കെ ഉപയോഗിക്കേണ്ടത്. അവിടെയാണ് നമ്മുടെ മിടുക്ക്. ജനങ്ങളുടെ ക്ഷേമചനിനാവശ്യമായ കാര്യങ്ങള്‍ നമ്മള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, ഗതാഗത സൌകര്യങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിനോദവിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, അങ്ങിനെ പലതും. പക്ഷേ, ഇവയൊക്കെ ചിലവുള്ള കാര്യങ്ങളാണ്. ആരും വെറുതെ കൊടുക്കില്ല ഇതൊന്നും. അര്‍ഹതപ്പെട്ട കൈകളിലാണ് ഇവയൊക്കെ ചെന്നുചേരുന്നതെന്ന് നമ്മള്‍ ഉറപ്പുവരുചനണം. അല്ലാചനപക്ഷം ഒടുവില്‍ ജനവും ഉണ്ടാകില്ല. ക്ഷേമവും ഉണ്ടാകില്ല. പൈസയുടെ കാര്യമാണെങ്കിലോ, എളുപ്പചനില്‍ തീര്‍ന്നുപോകുന്ന ഒരു ദ്രവ്യമാണ് മകനേ അത്. ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. ഇല്ലാതാക്കാന്‍ വളരെ എളുപ്പചനില്‍ കഴിയും. അതുകൊണ്ട്, ജനക്ഷേമം എന്നതിന്റെ അര്‍ത്ഥം, ക്ഷേമചനിന് അതിനുള്ള വിലയിടുക എന്നതാണെന്നുവരുന്നു. ആ വില കൊടുക്കാന്‍ കഴിവില്ലാചനവര്‍ ക്ഷേമം വേണമെന്നു വാശിപിടിക്കുന്നത് ശരിയല്ല. അപ്പോള്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ നിനക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. എങ്ങിനെയാണ് ഒരു രാജ്യചനിന് ആവശ്യമായ പ്രധാന വിഭവം സ്വരൂപിക്കേണ്ടതെന്നും, എങ്ങിനെയാണ് അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതെന്നും. ആലോചിച്ചുനോക്കിയാല്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ഇതെല്ലാം. കാലക്രമചനില്‍ ഇവയെല്ലാം നിനക്ക് കൂടുതല്‍ വെളിവാവുകയും ചെയ്യും. സ്വന്തം ബുദ്ധിവൈഭവവും, ഭാവനയും കൊണ്ട് നിനക്കതിനെ വിപുലപ്പെടുചനാനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഒരു രാജ്യചനിന്റെ നിലനില്‍പ്പ് മറ്റു രാജ്യങ്ങളുമായുള്ള അതിന്റെ ബന്ധചെന ആശ്രയിച്ചുകൂടിയാണ് നിലനില്‍ക്കുന്നത്. നമ്മളേക്കാള്‍ ശക്തിയുള്ളതും, ശക്തി കുറഞ്ഞതുമായ നിരവധി രാജ്യങ്ങളുണ്ട് നമുക്ക് ചുറ്റും. അവയില്‍ ശക്തിമാന്‍മാരുടെ നേരെ എപ്പോഴും നമ്മുടെ ഒരു കണ്ണുവേണം. അവരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കുന്നതിലാണ് നമ്മുടെ മിടുക്ക് കാണേണ്ടത്. അവരുമായി വേണ്ടാചന പൊല്ലാപ്പുകള്‍ക്കൊന്നും പോകരുത്. നമ്മുടെ കാര്യചനിലൊക്കെ അവര്‍ കൈകടചനിയെന്നും മറ്റും വരും. അതൊക്കെ നമ്മുടെ നല്ലതിനാണെന്നു കരുതി അവരെ അനുസരിച്ച് കഴിയുക. ഇടക്കിടക്ക് അവരെ സന്ദര്‍ശിക്കാനും, അവരെ യഥോചിതം ഇവിടേക്ക് വിളിച്ചുവരുചനി പ്രീതിപ്പെടുചനാനും സമയം കണ്ടെചനണം. അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാ ഒചനാശയും ചെയ്തുകൊടുക്കാനും മനസ്സിരുചനണം. അതുകൊണ്ട് നമുക്ക് നല്ലതേ വരൂ. അവരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് നല്ലതു വരുന്നുണ്ടോ എന്നൊന്നും നമ്മളന്വേഷിക്കാന്‍ പോകേണ്ട. അവരായി അവരുടെ പാടായി. ശല്യക്കാരായ അയല്‍ക്കാരില്‍നിന്ന് രക്ഷകിട്ടാനും ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ,
അതുപകരിച്ചേക്കും. ഇതൊക്കെയാണെങ്കിലും നമ്മുടെ പരമാധികാരം കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും നമ്മളില്ല എന്ന് മറ്റുള്ളവര്‍ക്ക് തോന്നുകയും വേണം. നമ്മുടെ രാജ്യചനിന്റെ സ്ഥിരത. നാലമതായി ഇനി അതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രാജ്യചനിന്റെ സ്ഥിരത, രാജ്യചനിന്റെ സംരക്ഷകരായ നമ്മുടെ സ്ഥിരതയുമായിട്ടാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍, അതിനെ അഞ്ചാമചെന തന്ത്രവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ കയ്യിലുള്ള അധികാരം എങ്ങിനെ എക്കാലവും നിലനിര്‍ചനാം എന്നതാണ് ആ അഞ്ചാമചെന തന്ത്രം. എല്ലാ വഴികളും ആത്യന്തികമായി ഇതിലേക്കാണ് നയിക്കുക. നമ്മെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്. ജനാധിപത്യം എന്നൊക്കെയുള്ള പല പേരിലും അത് പൊതുവെ അറിയപ്പെടുന്നു. അതിന്റെ നടചനിപ്പിനുള്ള സ്ഥാപനങ്ങളും നിരവധിയാണ്. അവരെയും എപ്പോഴും വരുതിയില്‍ നിര്‍ചനുക. നല്ല കാര്യങ്ങള്‍ മാത്രം അവര്‍ കാണുകയും, കേള്‍ക്കുകയും, പറയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുചനുക. നിര്‍ദ്ദോഷങ്ങളായ വിമര്‍ശനങ്ങളാണെങ്കില്‍, അവയെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചാലും തരക്കേടൊന്നും വരാനില്ല. ഈ അഞ്ചാമചെന തന്ത്രമാണ് പരമപ്രധാനമായത്. അതിലാണ് നമ്മുടെ സ്ഥിരതയുടെ മൂലാധാരം. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. അതില്ലെങ്കിലോ, നീയും ഞാനും പിന്നെ ഇല്ല കുമാരാ. അതോര്‍ക്കുക. പൂര്‍വ്വികരില്‍നിന്ന് എനിക്ക് കിട്ടിയ ഈ ദാനം ഞാനിതാ ഇന്ന് നിനക്ക് പകര്‍ന്ന് നല്‍കുന്നു. പുറചന് മറ്റാരിലേക്കും കൈമാറിമറിയാതെ, നിന്റെ സന്തതിപരസഫരകളിലൂടെ അത് ഭദ്രമായി കാചനുസൂക്ഷിക്കുക.

കനവുകള്‍ (കനലുകല്‍)

കനവുകള്‍ (കനലുകല്‍)
ജെയിന്‍.സി.സി


മഴ പെയ്തു തോര്‍ന്ന നിരത്തിലൂടെ അലക്ഷ്യമായി അവന്‍ നടക്കുകയാണു. അതിനിടയില്‍ കാലില്‍ കിട്ടിയ പെപ്സി കോളയുടെ കാന്‍ കാലു കൊണ്ടു തട്ടിയെറിഞ്ഞു. ലോക മുതലാളിത്തതോടുള്ള അമര്‍ഷം പ്രകടിപ്പിക്ക് യുന്നതു പോലെ. എത്ര നേരം അങ്ങിനെ നടന്നു എന്നറിയില്ല. അപ്പൊഴാണു മുന്‍പില്‍ ഒരു കൂറ്റന്‍ പരസ്യ പലക കണ്ടതു."കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍" കേരള സര്‍ക്കാരിന്റെ നൂതന സം രംഭം. നേരത്തെ തട്ടിയെറിഞ്ഞ പെപ്സി കോളയുടെ കാന്‍ തന്റെ മുഖത്തു തിരിച്ചു വന്നു കൊണ്ടതു പോലെ അവനു തോന്നി. കേരളത്തിലും ഷോപ്പിങ്ങ് ഫെസ്റ്റിവലൊ? അതൊക്കെ മുതലാളിത്ത രാജ്യങ്ങളില്‍ നടക്കുന്ന പരിപാടിയല്ലെ? ഇവിടെ പ്രഭുദ്ദ കേരളത്തില്‍ ഇങ്ങനെയൊരു മാമാങ്കത്തിന്റെ ആവശ്യകത എന്താണു? പൂത്തു തുടങ്ങിയ പണമെടുത്തു ചിലവിടാനുള്ള അവസരമാണൊ ഇതുകൊണ്ടു ഉദ്ദേശിക്ക്.യുന്നതു? അതോ പുതിയ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു കേരളത്തെ ഒരു മുതലാളിത്ത രാജ്യമാക്കാനുള്ള ആദ്യപടിയാണൊ ഇതു? മറ്റുള്ളവരെ അനുകരിക്.യുന്ന ശീലം നമ്മള്‍ കേരളീയര്‍ ഇതുവരെ മാറ്റിയില്ല അല്ലെ? പുറം മൊടിയുള്ള എന്തും നമ്മള്‍ സ്വീകരിക്കും.åപക്ഷേ.... ഓഹൊ ഇതൊക്കെ ചിന്തിക്കാന്‍ ഞാനാരാ. ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചതു കൊണ്ടു ഈ നാടു നന്നാകുമൊ? എനിക്കെന്റെ കാര്യം നോക്കി നടന്നാല്‍ പോരെ? അതിനിപ്പൊ എന്റെ കാര്യം എന്നു പറയാന്‍ എന്താ? ഗ്രാജ്വേഷന്‍åകഴിഞ്ഞു തെണ്ടി നടക്കലല്ലേ എന്റെ പണി? കുറെ ജോലിക്കു അപ്പ്ലെ ചെയ്തു.ഒന്നും തരപ്പെട്ടില്ല. പിന്നെ ചില ജോലികള്‍ കിട്ടി അതു ചെരിയ ശമ്പളവും, പിന്നെ നമ്മുടെ നിലക്കൊക്കെ ചേരാത്തതു കൊണ്ടു പോയില്ല. ഇപ്പൊ പുറത്തേക്കു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണു.. പുറത്തേക്കെന്നു പറഞ്ഞാല്‍åഗള്‍ഫിലേക്കു. അതാണല്ലൊ നമ്മുടെ അവസാന ആശ്രയം. പക്ഷെ അവിടെയൊക്കെ പണ്ടത്തെ പോലെ മെച്ചമില്ലെന്നാ, കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പറഞ്ഞതു. എന്തു മെച്ചമില്ലെന്നാ, ആള്‍ ഗല്‍ഫില്‍ പോയിട്ടു 8 വര്‍ഷതില്‍ നല്ലൊരു വീട്ടില്‍നിന്നു കല്യാണം കഴിച്ചു, ഒരു വലിയ വീടും വച്ചു. ഇപ്പൊ കാറും ഉണ്ടു. ഇതൊക്കെ പിന്നെ വെറുതെ ഉണ്ടായതാണൊ? അവിടെ പോയോരൊക്കെ എന്താണാവൊ ഇങ്ങനെ പറയുന്നതു. പക്ഷെ പോയി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ സെന്റും പൂശി നല്ല ഷര്‍ട്ടും പാന്റ്സും ഇട്ടു കൂളിങ്ങ് ഗ്ലാസ്സും ഒക്കെ വച്ചു നടക്കാലൊ. അവിടെ അത്ര ബുദ്ദിമുട്ടാണെങ്കില്‍ പിന്നെ എല്ലവാരും അങ്ങോട്ടു പോകണതു എന്തിനാ? ഒരു നാലഞ്ചു കൊല്ലം അവിടെ പോയി നിന്നു കുറച്ചു കാശൊക്കെ ഉണ്ടാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ ആവണം. അപ്പൊ പിന്നെ കുഴപ്പം ഇല്ലല്ലൊ? എന്തായാലും ഇറങ്ങി. ആ ഏജെന്റിന്റെ ഒഫീസില്‍ കയറി ഒന്നു അന്വേഷിച്ചിട്ടു പോകാം. കയറി ചെല്ലുമ്പോല്‍ അവിടെ കുറെ ആളുകള്‍ കൂടി നിക്കണുണ്ടു. എന്താണാവൊ കാര്യം. തിക്കി തിരക്കി മുന്‍പിലെത്തി. ഇടക്കിടക്കു വന്നു പോകുന്നതു ഇടക്കിടക്കു വന്നു പോകുന്ന ആളായതു കൊണ്ടു അവിടത്തെ ചേച്ചിക്കു എന്നെ നല്ല പരിചയമാണു. കണ്ടപ്പോഴെ പറഞ്ഞു. "ചെലവു ചെയîണം കേട്ടോ". എനിക്കൊന്നും ആയം മനസ്സിലായില്ല.പിന്നെ അറിഞ്ഞു എന്റെ വിസ ശരിയായിട്ടുണ്ടെന്നു. പക്ഷെ വിസ കയîില്‍ കിട്ടുന്നതിനു മുന്‍പു ഒരു ലക്ഷം രൂപ കൊടുക്കണം.അവിടെ ഓഫീസ് ജോലിയാണെന്നാ പറഞ്ഞതു. അവിടത്തെ രൂപ 800/-
കിട്ടുമെത്രെ.താമസം കമ്പനി ചിലവില്‍. കിഴക്കേതിലെ രമേശന്‍ ചേട്ടന്‍ പരഞ്ഞ അറിവു വച്ചു കൂട്ടി നോക്കി. 800 * 12 =9,600 രൂപ. ഒരു ലക്ഷം കൊടുത്താലെന്താ. ഒരു മാസം ഭക്ഷണവും ബാക്കി ചിലവും കൂട്ടി ആയിരം അല്ലേല്‍ ആയിരത്തി ഒരുന്നൂറു രൂപ ചിലവാകുമായിരിക്കും പിന്നെ ബാക്കി 8,500 രൂപ മാസവും എന്റെ കയîില്‍.ഒരു വര്‍ഷം കൊണ്ടു കൊടുത്ത പൈസ മുതലാക്കാം. പിന്നെ വിസ 3 വര്‍ഷത്തേക്കല്ലെ? ബാക്കി രണ്ടു വര്‍ഷം സമ്പാദിക്കുന്നതില്‍ പകുതി വീട്ടില്‍ അയച്ചാലും എന്റെ കയîില്‍ ഒരു ലക്ഷം രൂപ?? വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു. എല്ലാര്‍ക്കും സന്തോഷമായി. പെങ്ങളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന സ്വര്‍ണവും പിന്നെ വീടിന്റെ ആധാരവും കൊ-ഓപ്പെറെറ്റീവ്åബാങ്കില്‍ പണയം വച്ചു ഒരു ലക്ഷം രൂപ ഒപ്പിച്ചു. അതു ഏജെന്റിന്റെ കയîില്‍ കൊടുക്കുമ്പോല്‍ കിഴക്കേതിലെ രമേശന്‍ ചേട്ടന്റെ വീടും, കാറുമൊക്കെ ആയിരുന്നു മനസ്സില്‍. പിന്നത്തെ ആഴ്ച വിസ വന്നു. ഞങ്ങള്‍ നാലു പെരുണ്ടായിരുന്നു ആ ബാച്ചില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു കാലെടുത്തു വക്കുമ്പോള്‍ ഉറ്റവരെ വേര്‍പെടുന്നതിന്റെ സങ്കടമായിരുന്നില്ല മനസ്സില്‍...എന്തൊക്കെയൊ നേടിയതിന്റെ വെട്ടിപിടിച്ചതിന്റെ ആവേശമായിരുന്നു . മനസ്സില്‍.. അല്ലെങ്കില്‍ കുറച്ചഹങ്കാരമൊ?????? ഈ കഥയുടെ ബാക്കി ഞാന്‍ എഴുതേണ്ട കാര്യം ഇല്ല. അതു ഗള്‍ഫിലുള്ള ഒരോ മനുഷ്യരോടും ചോദിച്ചാല്‍ മതി. ബാക്കി പൂരിപ്പിക്കാന്‍ എന്റെ ഗള്‍ഫ് സുഹ്രുത്തുക്കള്‍ക്കു നല്‍കികൊണ്ടു അവസാനിപ്പിക്കട്ടെ........ ഒരുപാടിഷ്ടത്തോടെ..............

Monday, January 28, 2008

അഭിപ്രായം നിങ്ങള്‍ക്കും പറയാം


കഥ
ആമുഖക്കുറിപ്പ്:-

പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം.യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....
നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി
തീര്‍ക്കേണ്ടി വരുന്നു.
കഥാബീജത്തിലേക്ക്‌:-
ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.

ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.

കാലുകള്‍ കുഴഞ്ഞ്‌, സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹ നിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി. ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു.
ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.
സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

വീണ്ടും, ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-
കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-
ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...

ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ....

ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..

"പറയാനിരിക്കുന്നതാണ്‌ കഥ".

എം.എച്ച്‌.സഹീര്‍.

Tuesday, January 8, 2008

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

ഡോ. കെ. എന്‍. പണിക്കര്‍



ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തില്‍ കേരളം വലിയ പുരോഗതിയാണ്‌ നേടിയത്‌. പ്രൈമറി, ഹൈ സ്കൂള്‍ തലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിനടുത്ത്‌ നില്‍ക്കുന്നതും, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇടക്കുവച്ചുള്ള കൊഴിഞ്ഞു പോക്ക്‌ താരതമ്യേന കുറഞ്ഞതുമായ ഒരു വിദ്യാഭ്യാസ പുരോഗതി സ്വായത്തമാക്കാന്‍ കേരളത്തിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്‌ അകലെയാണ്‌. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളം ബഹുദൂരം മുന്നേറേണ്ടത്‌ ലോകത്തെന്‍പാടുമുള്ള സാമൂഹിക ശാത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും ഗുണത്തിലും, എണ്ണത്തിലും തമ്മിലുള്ള അന്തരം ഏറെയാണ്‌. ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ പോരായ്മകളുമാണ്‌ നമ്മുടെ വിദ്യാഭ്യാസം മുന്നോട്ടു പോയത്‌. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അത്യന്തം ശ്രദ്ധ ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്‌. ഒരു വര്‍ഷത്തിന്‌ മുന്‍പ്‌ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്‌ ഇത്തരമൊരു പശ്ചാത്തലം മനസിലാക്കിയതു കൊണ്ടു കൂടിയാണ്‌. പക്ഷെ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ ഗവണ്മെന്റിന്റെ ഈ ശ്രമങ്ങളെ പുറകോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഉദാരവല്‍ക്കരണത്തിന്റെ സ്വാധീനത്തിലകപ്പെട്ട മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത്‌ നിക്ഷേപം നടത്താന്‍ തയ്യാറായി വന്ന സ്വകാര്യ സംരഭകര്‍ക്ക്‌ വേണ്ട സാഹചര്യങ്ങളൊരുക്കി കൊടുക്കുകമൂലം ഈ രംഗത്തെ അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മാത്രമായി ഈ രംഗം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായി. എന്നിരുന്നാലും, ഇത്‌ പരിമിതപ്പെടുത്താനാവില്ല. മറിച്ച്‌ അത്‌ എല്ലാമേഖലകളിലും വ്യാപിച്ച്‌ കിടക്കുന്നുണ്ട്‌. വ്യത്യസ്ത പേരുകളില്‍ ഈടാക്കുന്ന ഒരു നിശ്ചിത തുക നല്‍കാതെ ഒന്നാം ക്ലാസിലേക്കു വരെ പ്രവേശനം സാധ്യമാകുന്നില്ല എന്ന സ്ഥിതിവിശേഷമാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന തെറ്റായ ധാരണയിലാണ്‌ പലരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്‌. ഇ.എം.എസ്‌. നേതൃത്വം കൊടുത്ത ആദ്യ മന്ത്രിസഭ വിദ്യാഭ്യാസ രംഗത്തെ വാണിജ്യതലത്തെക്കുറിച്ചും അതിന്റെ പ്രാത്യാഘാതങ്ങളെക്കുറിച്ചും ഏറെ അവബോധമുള്ള ഒരു സര്‍ക്കാരായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിനു വേണ്ടി ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന വുദ്യാഭ്യാസ ബില്‍ ഇത്തരമൊരു അവബോധത്തിന്റെ പ്രതിഫലനമാണ്‌. സ്വകാര്യ മാനേജ്‌മെന്റുകള്‍ അനുഭവിച്ചുപോന്നിരുന്ന അധികാരങ്ങള്‍ക്കുമേലുള്ള നിയന്ത്രണം എന്ന നിലക്ക്‌ ആ ബില്ല് അന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയാവുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ ബില്ല് വിദ്യാഭ്യാസ കച്ചവടത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചിലരുടെ പ്രത്യേകിച്ച്‌ ചില സമുദായ സംഘടനകളുടെ, താല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടില്ല. വിദ്യാഭ്യാസരംഗത്തെ ഇത്തരക്കാരുടെ ഉല്‍കണ്ഠ ജാതി മത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വിമോജന സമരത്തിനും അതുവഴി 1956-ല്‍ ആ മന്ത്രി സഭയുടെ പുറത്താകലിനും കാരണമായി. വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഏതൊരു മാറ്റത്തെയും തടസപ്പെടുത്തും വിധം ഈ വിഭാഗം ഇന്നും കേരളത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ നീതിയും, വൈശിഷ്ട്യവും ഉറപ്പാക്കുന്നതിനാവശ്യമായ പ്രരംഭ നടപടികള്‍ ഈ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പുതുതായി പാസാക്കിയ വിദ്യാഭ്യാസ നിയമം ഈ രംഗത്തുള്ള ഗവ: നയങ്ങളുടെ ചില സൂചനകളാണ്‌. സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദരിദ്രവിഭാഗങ്ങളിലുള്ളവര്‍ക്കു കൂടി പ്രവേശനം സാധ്യമാകും വിധത്തില്‍ പ്രത്യേകം സംവരണമേര്‍പ്പെടുത്തിക്കൊണ്ട്‌ നിയമ നിര്‍മാണം നടത്തിയ ഈ സര്‍ക്കാര്‍ അതിന്റെ എല്ലാശ്രമങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്‌. വ്യത്യസ്ത നിരക്കിലുള്ള ഫീസ്‌ ഘടനനിശ്ചയിച്ചു കൊണ്ട്‌ പാവപ്പെട്ടവര്‍ക്കു കൂടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ ഗവ. കൈക്കൊള്ളുന്നത്‌. പക്ഷെ ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലം ഗവണ്മെന്റിന്റെ ഈ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. ഗവണ്മെന്റിന്റെ ഈ രംഗത്തെ ആദര്‍ശ ശുദ്ധി പ്രതിസന്ധികളെ തരണം ചെയ്ത്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നിരവധിയാണ്‌. അക്കാദമിക്‌ തലത്തിലുള്ള പ്രവര്‍ത്തനമേഖലയിലെ മുന്നേറ്റം സ്വായത്തമാക്കുവാന്‍ മിക്ക വിഷയങ്ങളിലും കേരളത്തിലെ യൂനിവേര്‍സിറ്റികള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. അറിവിന്റെ പുതിയ മേഖലയുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നഷ്ടപ്പെടുന്നവയെക്കൂടി ഉള്‍ക്കൊള്ളാനാകും വിധം അക്കാദമിക്‌ തലത്തിലും അടിസ്ഥാനമേഖലയിലുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രമീകരിക്കേണ്ടതുണ്ട്‌. മിക്ക യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഡിപ്പാര്‍ട്‌മെന്റുകള്‍ അധ്യാപനത്തിനായി ഗസ്റ്റ്‌ ലക്ചര്‍മാരെയാണ്‌ ആശ്രയിക്കുന്നത്‌. അധ്യാപകരെ നിയമിക്കുന്നതിലും, കാലാകാലങ്ങളില്‍ അവര്‍ക്ക്‌ നല്‍കേണ്ട നേതൃത്വവും നിര്‍ദ്ദേശങ്ങളും കൈക്കൊള്ളേണ്ടതിലും മരവിപ്പ്‌ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.ഇവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ മുന്നോട്ട്‌ കൊണ്ടു പോകുന്നതിനാണ്‌ ഈയിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചത്‌. ഇത്‌ ഈ മേഖലയിലെ ശ്രദ്ധാര്‍ഹമായ ഒരു ചുവടു വെപ്പാണ്‌.വിദ്യാഭ്യാസത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌.വിശേഷിച്ച്‌ ഉള്ളടക്കം അദ്ധ്യാപനരീതി മൂല്യനിര്‍ണയം എന്നീ കാര്യങ്ങളില്‍ ശരിയായ അവബോധം ഇക്കാര്യത്തില്‍ അനിവാര്യമാണ്‌. ഈ ഗവെണ്മെണ്ടില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്‌.

Monday, December 24, 2007

ഭാഷ ഇ-മഗസിന്‍

എല്ലാവര്‍ക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. സസന്തോഷം . bhaasha.blogspot.com

മുന്‍മൊഴി


താളുകള്‍ മറിക്കപ്പെടുന്നതുപോലെ, രേഖപ്പെടുത്തുന്നതൊക്കെ മണല്‍ രേഖപോലെ മറഞ്ഞ്‌ പോകുന്ന ഈ പ്രവാസഭൂമിയില്‍ ആര്‍ക്കും ഒന്നിനോടും നേരം പങ്കുവെയ്കുവാന്‍ തികയാത്ത ഈ കാലത്തിനോപ്പം നാം അനുദിനം യാത്ര തുടരുന്നു.

വായിക്കാനും എഴുതുവാനും ഓര്‍ത്തുവെയ്ക്കാന്‍ പോലും മിനക്കെടാത്ത ഈ കാലഘട്ടത്തില്‍ ഇ- താളുകള്‍ക്ക്‌ പ്രസക്തിയേറുന്നു.വായിച്ച്‌ സൂക്ഷിക്കാന്‍ മനസ്സിന്റെ തിരക്കുകള്‍ക്ക്‌ പോലും കഴിയാത്ത നമുക്കായി കുറിച്ച്‌ വയ്ക്കാനും സൂക്ഷിക്കാനുമായി ഒരു വായനമുറി അതാണ്‌ ഭാഷ ഇ-മഗസിന്‍ .

വാക്കുകള്‍ വാചകങ്ങള്‍ക്കും വാചകങ്ങള്‍ വരികള്‍ക്കും വഴിപ്പെടുമ്പോള്‍ ഭാഷയുണ്ടാകുന്നു.നമുക്ക്‌ ഭാഷയിലൂടെ ഒത്തുചേരാം.മലയാളം അമ്മയാണ്‌. ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കേണ്ട സ്നേഹം പോലെ നമുക്ക്‌ ഒന്നായി ഈ പുതുവര്‍ഷ പിറവിയുടെ തിരുമുറ്റത്ത്‌ ഭാഷയുടെ പൂമുഖം തുറക്കാം..സ്വാഗതം ഏവര്‍ക്കും......



******************


ലേഖനം

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.
ഡോ. കെ. എന്‍. പണിക്കര്‍



ന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തില്‍ കേരളം വലിയ പുരോഗതിയാണ്‌ നേടിയത്‌. പ്രൈമറി, ഹൈ സ്കൂള്‍ തലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിനടുത്ത്‌ നില്‍ക്കുന്നതും, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇടക്കുവച്ചുള്ള കൊഴിഞ്ഞു പോക്ക്‌ താരതമ്യേന കുറഞ്ഞതുമായ ഒരു വിദ്യാഭ്യാസ പുരോഗതി സ്വായത്തമാക്കാന്‍ കേരളത്തിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്‌ അകലെയാണ്‌. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളം ബഹുദൂരം മുന്നേറേണ്ടത്‌ ലോകത്തെന്‍പാടുമുള്ള സാമൂഹിക ശാത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും ഗുണത്തിലും, എണ്ണത്തിലും തമ്മിലുള്ള അന്തരം ഏറെയാണ്‌. ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ പോരായ്മകളുമാണ്‌ നമ്മുടെ വിദ്യാഭ്യാസം മുന്നോട്ടു പോയത്‌. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അത്യന്തം ശ്രദ്ധ ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്‌. ഒരു വര്‍ഷത്തിന്‌ മുന്‍പ്‌ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്‌ ഇത്തരമൊരു പശ്ചാത്തലം മനസിലാക്കിയതു കൊണ്ടു കൂടിയാണ്‌. പക്ഷെ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ ഗവണ്മെന്റിന്റെ ഈ ശ്രമങ്ങളെ പുറകോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഉദാരവല്‍ക്കരണത്തിന്റെ സ്വാധീനത്തിലകപ്പെട്ട മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത്‌ നിക്ഷേപം നടത്താന്‍ തയ്യാറായി വന്ന സ്വകാര്യ സംരഭകര്‍ക്ക്‌ വേണ്ട സാഹചര്യങ്ങളൊരുക്കി കൊടുക്കുകമൂലം ഈ രംഗത്തെ അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മാത്രമായി ഈ രംഗം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായി. എന്നിരുന്നാലും, ഇത്‌ പരിമിതപ്പെടുത്താനാവില്ല. മറിച്ച്‌ അത്‌ എല്ലാമേഖലകളിലും വ്യാപിച്ച്‌ കിടക്കുന്നുണ്ട്‌. വ്യത്യസ്ത പേരുകളില്‍ ഈടാക്കുന്ന ഒരു നിശ്ചിത തുക നല്‍കാതെ ഒന്നാം ക്ലാസിലേക്കു വരെ പ്രവേശനം സാധ്യമാകുന്നില്ല എന്ന സ്ഥിതിവിശേഷമാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന തെറ്റായ ധാരണയിലാണ്‌ പലരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്‌. ഇ.എം.എസ്‌. നേതൃത്വം കൊടുത്ത ആദ്യ മന്ത്രിസഭ വിദ്യാഭ്യാസ രംഗത്തെ വാണിജ്യതലത്തെക്കുറിച്ചും അതിന്റെ പ്രാത്യാഘാതങ്ങളെക്കുറിച്ചും ഏറെ അവബോധമുള്ള ഒരു സര്‍ക്കാരായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിനു വേണ്ടി ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന വുദ്യാഭ്യാസ ബില്‍ ഇത്തരമൊരു അവബോധത്തിന്റെ പ്രതിഫലനമാണ്‌. സ്വകാര്യ മാനേജ്‌മെന്റുകള്‍ അനുഭവിച്ചുപോന്നിരുന്ന അധികാരങ്ങള്‍ക്കുമേലുള്ള നിയന്ത്രണം എന്ന നിലക്ക്‌ ആ ബില്ല് അന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയാവുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ ബില്ല് വിദ്യാഭ്യാസ കച്ചവടത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചിലരുടെ പ്രത്യേകിച്ച്‌ ചില സമുദായ സംഘടനകളുടെ, താല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടില്ല. വിദ്യാഭ്യാസരംഗത്തെ ഇത്തരക്കാരുടെ ഉല്‍കണ്ഠ ജാതി മത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വിമോജന സമരത്തിനും അതുവഴി 1956-ല്‍ ആ മന്ത്രി സഭയുടെ പുറത്താകലിനും കാരണമായി. വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഏതൊരു മാറ്റത്തെയും തടസപ്പെടുത്തും വിധം ഈ വിഭാഗം ഇന്നും കേരളത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ നീതിയും, വൈശിഷ്ട്യവും ഉറപ്പാക്കുന്നതിനാവശ്യമായ പ്രരംഭ നടപടികള്‍ ഈ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പുതുതായി പാസാക്കിയ വിദ്യാഭ്യാസ നിയമം ഈ രംഗത്തുള്ള ഗവ: നയങ്ങളുടെ ചില സൂചനകളാണ്‌. സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദരിദ്രവിഭാഗങ്ങളിലുള്ളവര്‍ക്കു കൂടി പ്രവേശനം സാധ്യമാകും വിധത്തില്‍ പ്രത്യേകം സംവരണമേര്‍പ്പെടുത്തിക്കൊണ്ട്‌ നിയമ നിര്‍മാണം നടത്തിയ ഈ സര്‍ക്കാര്‍ അതിന്റെ എല്ലാശ്രമങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്‌. വ്യത്യസ്ത നിരക്കിലുള്ള ഫീസ്‌ ഘടനനിശ്ചയിച്ചു കൊണ്ട്‌ പാവപ്പെട്ടവര്‍ക്കു കൂടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ ഗവ. കൈക്കൊള്ളുന്നത്‌. പക്ഷെ ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലം ഗവണ്മെന്റിന്റെ ഈ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. ഗവണ്മെന്റിന്റെ ഈ രംഗത്തെ ആദര്‍ശ ശുദ്ധി പ്രതിസന്ധികളെ തരണം ചെയ്ത്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നിരവധിയാണ്‌. അക്കാദമിക്‌ തലത്തിലുള്ള പ്രവര്‍ത്തനമേഖലയിലെ മുന്നേറ്റം സ്വായത്തമാക്കുവാന്‍ മിക്ക വിഷയങ്ങളിലും കേരളത്തിലെ യൂനിവേര്‍സിറ്റികള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. അറിവിന്റെ പുതിയ മേഖലയുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നഷ്ടപ്പെടുന്നവയെക്കൂടി ഉള്‍ക്കൊള്ളാനാകും വിധം അക്കാദമിക്‌ തലത്തിലും അടിസ്ഥാനമേഖലയിലുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രമീകരിക്കേണ്ടതുണ്ട്‌. മിക്ക യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഡിപ്പാര്‍ട്‌മെന്റുകള്‍ അധ്യാപനത്തിനായി ഗസ്റ്റ്‌ ലക്ചര്‍മാരെയാണ്‌ ആശ്രയിക്കുന്നത്‌. അധ്യാപകരെ നിയമിക്കുന്നതിലും, കാലാകാലങ്ങളില്‍ അവര്‍ക്ക്‌ നല്‍കേണ്ട നേതൃത്വവും നിര്‍ദ്ദേശങ്ങളും കൈക്കൊള്ളേണ്ടതിലും മരവിപ്പ്‌ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.ഇവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ മുന്നോട്ട്‌ കൊണ്ടു പോകുന്നതിനാണ്‌ ഈയിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചത്‌. ഇത്‌ ഈ മേഖലയിലെ ശ്രദ്ധാര്‍ഹമായ ഒരു ചുവടു വെപ്പാണ്‌.വിദ്യാഭ്യാസത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌.വിശേഷിച്ച്‌ ഉള്ളടക്കം അദ്ധ്യാപനരീതി മൂല്യനിര്‍ണയം എന്നീ കാര്യങ്ങളില്‍ ശരിയായ അവബോധം ഇക്കാര്യത്തില്‍ അനിവാര്യമാണ്‌. ഈ ഗവെണ്മെണ്ടില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്‌.
**************

ചെറുകഥ

പുഴ. (പുനര്‍വായന)

ഒ.വി. വിജയന്‍



‍പരമേശ്വരന്റെ കുളി എന്നും വിസ്തരിച്ചാണ്‌. അരച്ച ചെറുപയറു മേത്തുപുരട്ടി പിന്നെ അതു കഴുകിക്കളഞ്ഞ ശേഷവും അയാള്‍ പുഴയുടെ ഒഴുക്കില്‍ ഒരുപാടുനേരമിരുന്നു. അടുത്ത കടവില്‍ കുളിക്കാനെത്തുന്ന നങ്ങേമക്കുട്ടി അപ്പോഴൊക്കെ ചോദിക്കും, പരമേശ്വരമമേടെ കുളീന്നീം കഴിഞ്ഞില്ല്യേ?"കഴിഞ്ഞില്യേച്ചാല്‍ കഴിഞ്ഞു. ന്നാല്‍ കഴിഞ്ഞിട്ടുല്ല്യ."

"കടങ്കഥ"പരമേശ്വരന്‍ അപ്പോഴൊക്കെ ചിരിയ്ക്കുക മാത്രം ചെയ്തു. കുളി കഴിഞ്ഞു പുഴനീരിലിരിക്കുമ്പോല്‍ ചില ദിവസങ്ങളില്‍ പരമേശ്വരന്‍ ഒഴുക്കിനൊത്ത്‌ തിരിഞ്ഞിരിക്കും. ചില ദിവസങ്ങളില്‍ ഒഴുക്കിനെതിരേയും. ഇതും കുസൃതിക്കാരിയായ നങ്ങേമക്കുട്ടി കണ്ടുപിടിച്ചു. അതിന്റെ പൊരുളന്തെന്നു അവള്‍ തിരക്കി.

കുട്ടി വലുതാവുമ്പോ അതൊക്കെ മനസ്സിലാവും, പരമേശ്വരന്‍ പറഞ്ഞു"

"എത്രണ്ട്‌ വലുതാവുമ്പൊ?"അതുവരെ കാത്തിരിക്കണോ പരമേശ്വരമാമേ? പറഞ്ഞു തന്നൂടെ?"

" എന്നാല്‍ കേട്ടോ, നമ്മളൊക്കെ ഒഴുകിപോകേണ്ടോരാ"

" ഞാനോ?"

" ന്താ സംശം?"

നിയ്ക്ക്‌ ഒഴുകിപ്പോണ്ടാ"

പരമേശ്വരന്‍ ഒഴുക്കിലേയ്ക്കു നോക്കി, വെള്ളത്തില്‍ പതുക്കെ കൈയ്യും കാലുമിളക്കി പുഴയുടെ പ്രവാഹം ആസ്വദിച്ചു.

"ന്തേ?" അയാള്‍ ചോദിച്ചു."

നിയ്ക്ക്‌ ഒഴികിപ്പോകാന്‍ പേട്യാ"

"കുട്ടിപ്രായത്തിന്റെ പേട്യാ.

കുട്ടി വലുതാവുമ്പോ പേടിയും മാറും."

പരമേശ്വരമാമ പറഞ്ഞില്ല്യല്ലോ ഈ ഇരുപ്പിന്റെ കാര്യം"



"അതോ, ശങ്കിച്ചുകൊണ്ട്‌ പരമേശ്വരന്‍ പറഞ്ഞു, "ഒഴുകിപ്പോണ്ട നമുക്ക്‌ ഒഴുക്കിനെ കുറിച്ച്‌ ഒരു വിവരം വേണം. ഒഴുക്ക്‌ എവിടെ നിന്ന് വര്ണു.എങ്ങട്‌ പോണൂന്നൊക്കെ"

"പരമേശ്വരമാമയ്ക്ക്‌ മനസ്സിലായോ?"

എന്നും ത്തിരീശേ മനസ്സിലാവ്ണു."

"എന്നാ മുഴോനും മനസ്സിലാവ്വാ?"

പരമേശ്വരന്‍ സ്വന്തം ശരീരത്തിലേക്കു കണ്ണോടിച്ചു, ഒരുപാടുനേരം. 'അതിന്റെ സമയം വരും' അയാള്‍ പറഞ്ഞു. "

ഈ മാമയ്ക്ക്‌ പ്രാന്താ!"

ചിരിച്ചു കളിച്ചുകൊണ്ട്‌ നങ്ങേമക്കുട്ടി കടവു കയറി.

നങ്ങേമക്കുട്ടിയുടെ വേളി കഴിഞ്ഞപ്പോള്‍ അവള്‍ അവിടെ നിന്ന് താമസം മാറ്റി. ഇപ്പോള്‍ പരമേശ്വരന്റെ നീരാട്ടിനു ആരും കൂട്ടില്ല. ബന്ധങ്ങളറ്റുപോവുന്നത്‌ നല്ലതു തന്നെ, പരമേശ്വരന്‍ ഓര്‍ത്തു. ഒഴുക്കിനു പ്രതിബന്ധങ്ങളില്ലാതാവുന്നു.

പരമേശ്വരന്റെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അങ്ങിനെ കടന്നുപോയി. ഇപ്പോള്‍ അയാള്‍ പുഴയുടെ ഉറവിടത്തിനുനേരെ തിരിഞ്ഞിരിക്കാറില്ല. പുഴയുടെ ഉത്ഭവം എനിക്കു മനസ്സിലായി. പരമേശ്വരന്‍ സ്വയം പറഞ്ഞു. ഇനി ലയനം മാത്രമേയുള്ളു മനസ്സിലാക്കാന്‍.

പുഴക്കടവില്‍ അന്നൊരു ദിവസം പതിവില്ലായെന്ന് കൃഷ്ണന്‍ വൈദ്യന്‍ കുളിക്കാന്‍ വന്നത്‌. "

വൈദ്യര്‌ ഇവിടെ കുളിയ്ക്കാന്‍ വരാറില്ല്യല്ലോ." പരമേശ്വരന്‍ കുശലം പറഞ്ഞു."

അടുത്തൊരു ദിക്കോളം പോവാനുണ്ടായിരുന്നു." വൈദ്യന്‍ പറഞ്ഞു. " പുഴ കടക്കുമ്പോ മുങ്ങാന്‍ തോന്ന്യതാ"ചെറുകഥ
"നന്നായി" വൈദ്യന്‍ കുളിച്ച്‌ തുവര്‍ത്തി."

ന്നാല്‍ വരട്ടേ, പരമേശ്വരേട്ടാ?"

"ആവട്ടേ."

രോഗിയെ കണ്ട്‌ രണ്ടുമണിക്കൂറോളം കഴിഞ്ഞ്‌ വൈദ്യന്‍ മടങ്ങുമ്പോള്‍ പരമേശ്വരന്‍ പുഴ കയറിയിരുന്നില്ല."

ദെന്താത്‌ കഥ?" വൈദ്യന്‍ ചോദിച്ചു.


പരമേശ്വരന്റെ കുളി ന്നീം കഴിഞ്ഞില്ലേ?


പരമേശ്വരന്‍ ചിരിച്ചതേയുള്ളു. വൈദ്യന്‍ പറഞ്ഞു, "അധികം വെള്ളത്തിലിരുന്നാല്‍ നന്നല്ല"

അതും പറഞ്ഞ്‌ കൃഷ്ണന്‍ വൈദ്യന്‍ മടങ്ങി. പരമേശ്വരന്‍ വെള്ളത്തില്‍ തന്നെ ഇരുന്നു. അന്നാദ്യമായി കാല്‍ത്തുമ്പുകളില്‍ ലാഘവം അനുഭവപ്പെട്ടു. അവൈല്‍ നിന്ന് വ്യര്‍ത്ഥമായ മേദസ്സ്‌ പിരിഞ്ഞടര്‍ന്ന് ഒഴുകിപ്പോകുന്നതുപോലെ അയാള്‍ക്ക്‌ തോന്നി. ആ മേദസ്സും പേറിക്കൊണ്ട്‌ നീരൊഴുക്കു അകലങ്ങളിലേക്കു നീങ്ങി. നീങ്ങിയകലന്ന സ്ഥൂല പദാര്‍ത്ഥത്തിന്റെ കൂടെ കാല്‍ത്തുമ്പുകളുടെ പ്രജ്ഞയും പടരുന്നതുപോലെ തോന്നി. പുഴയുടെ നീള്‍ച്ചയിലൂടെയത്രയും, കടലുവരെ. ഇപ്പോള്‍ അഴീമുഖത്ത്‌ കടലില്‍ കാലുമിട്ടു ഇരിക്കുന്നതുപോലെ.

പുഴയില്‍ ഉച്ചയായി. കുളിക്കാനാരുമില്ല. പരമേശ്വരന്‍ ആശ്വസിച്ചു. അയാള്‍ക്ക്‌ ചുറ്റും നീരൊഴുക്കു സചേതനായി. നീരൊഴുക്ക്‌ മേദസ്സുകളെ വീണ്ടും തുടച്ചെടുത്തു. കാല്‍ വണ്ണകളിലും തുടകളിലും അലിഞ്ഞൊഴുകിയപ്പോള്‍ കടലിന്റെ അറിവ്‌ കൂടുതല്‍ സമൃദ്ധ്മായി. പരമേശ്വരന്‍ നീരൊഴിക്കിലേയ്ക്കു തലചായ്ചു. കൈകളിലും കാലുകളിലും ഒഴുകി നടന്നപ്പോള്‍ പുഴയുടെ ആകര്‍ഷണം സുഷുമ്നയിലൂടെ മേലോട്ടു കയറുന്നതുപോലെ തോന്നി. അതിന്റെ കുളിര്‍മ്മയില്‍ മസ്തിഷ്കത്തിനകത്ത്‌ ആയിരം ഇതളുകളുള്ള ഒരു താമര വിടര്‍ന്നു.

ര മാത്രമായി പരമേശ്വരന്‍ വെള്ളത്തില്‍ പാറി. ഈ പുഷ്പ സമൃദ്ധിയ്ക്ക്‌ എത്രകാലം കാത്തിരുന്നതായിരുന്നു. താമരയുടെ ശുദ്ധമായ അറിവോടെ, അറിവിന്റെ ദലപ്രകാശത്തില്‍, പരമേശ്വരന്‍ തെല്ലിട വിശ്രമിച്ചു. പിന്നെ ആ ദലങ്ങളും പുഴയില്‍ ലയനം പ്രാപിച്ചു.

പുഴ അനുഭവമായി. അറിവും പ്രകാശവുമായി. അവസാനത്തെ ദലവും അലിഞ്ഞപ്പോള്‍ പുഴയിലൂടെയത്രയും മലമുതല്‍ കടലുവരെ പരമേശ്വരന്‍ ചിരിച്ചു.

*****************

ചെറുകഥ

വേരുശില്‍പം

ശിഹാബുദ്ധീന്‍ പൊയ്തുംകടവ്‌

ഇന്നത്തെ തപാലില്‍ നാണുമൂപ്പനു ജര്‍മ്മനിയില്‍നിന്നും ഒരു കത്തുണ്ടായിരുന്നു. ജര്‍മ്മനിയും നാണുമൂപ്പനും തമ്മിലുള്ള ബന്ധമെന്തെന്നു പോസ്റ്റോഫീസിലെ സോര്‍ട്ടിംഗ്‌ ടേബിളില്‍ ഏറെനേരം അമ്പപ്പുണ്ടാക്കി. Nanu Mooppan എന്നു കവറിനുമുകളില്‍ മോടിയില്‍ ടൈപ്പ്‌ ചെയ്തിട്ടുണ്ട്‌. മ്യൂണിക്കില്‍ നിന്നാണ്‌ കത്തയച്ചിരിക്കുന്നത്‌.

പോസ്റ്റ്മാന്‍ കത്തുകൊണ്ടുകൊടുക്കുമ്പോള്‍ കുടിലില്‍ നാണൂമൂപ്പന്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമേന്‍ നാണുമൂപ്പന്റെ കെട്ടിയോള്‍ ചിരുതയെ കത്ത്‌ ഏല്‍പ്പിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി. "ജര്‍മ്മനിയില്‍നിന്നാണ്‌ പറഞ്ഞിട്ടെന്തു കാര്യം, ചിരുതയ്ക്ക്‌ ജര്‍മ്മനിയെ അറിയില്ലല്ലൊ. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള ആ ബന്ധത്തില്‍ അവര്‍ക്കൊരു കുഞ്ഞുണ്ടായിക്കാണാന്‍ കടലാക്കും ദേവി അവരെ അനുവധിച്ചില്ല. നാണുമൂപ്പന്‍ ഇപ്പോഴും പ്രത്യാശ കൈവിടാതെ അന്ധവിശ്വാസങ്ങളുടെ എല്ലാ അഡ്രസ്സിലും കാശയച്ച്‌ കളഭവും കടലാസുകുറിപ്പും വരുത്തിക്കുന്നു. ഈ തപാലരുപ്പടിയും ആ വകയില്‍ വല്ലതുമാവുമെന്നേ ചിരു വിചാരിച്ചുള്ളൂ...

കുടില്‍ ‍ പൊട്ടിപ്പൊളിയും മുമ്പു തന്നെ നാണുമൂപ്പന്‍ കുടിലിലെത്തി. വര്‍ഷകാലമാണ്‌. ചിരുത കടലാക്കും ദേവിക്ക്‌ ഒരു പാക്കറ്റ്‌ കോയമ്പത്തൂര്‍ ചന്ദനതിരി കത്തിച്ചു വെച്ചു. ഇറാലില്‍ തെളിച്ച തൂക്കുവിളക്ക്‌ കാറ്റില്‍ കെട്ടുപോകാതിരിക്കാന്‍ അകത്തേയ്ക്കുവെച്ചു നാണുമൂപ്പനു ചോറും വിളമ്പികൊടുത്തു. കെട്ടിയോന്‍ ചോറുതിന്നുന്നതുകാണാന്‍ നല്ല ചേലാണ്‌. കറിയൊഴിച്ച്‌ ചോറു ഉരുട്ടിയെടുക്കുമ്പോള്‍ ആ ശരീരത്തില്‍ നിന്നും തുറിച്ച ഞരമ്പുകള്‍ക്കിടയിലൂടെ മസിലുകള്‍ നാലുപാടും പായും. നാണുമൂപ്പന്റെ മുഖമേ വാടിപ്പോയിട്ടുള്ളു. തൊലിയേ ചുളുങ്ങിപ്പോയിട്ടുള്ളു. ഈ കുടിലിലേയ്ക്ക്‌ തന്നെ കെട്ടികൊണ്ടുവന്നപ്പോള്‍ ഇതുപോലെ മസിലുള്ള ഒരു വേരുശില്‍പം എണ്ണമുക്കിത്തിളക്കിയ ചേലില്‍ ഈ മൂലയിലെങ്ങോ കണ്ടിരുന്നു. മസിലുപോലുള്ള പുരുഷശരീരത്തില്‍ അതിന്റെ മുഖം മൂടപ്പെട്ടിരുന്നു. ആ ശില്‍പം പെട്ടെന്നു ഒരു ദിവസം അപ്രത്യക്ഷമാവുകയായിരുന്നു. ചിരുത ആ ശില്‍പത്തെ കുറിച്ച്‌ സൂചിപ്പിച്ചപ്പോഴൊക്കെ നാണുമൂപ്പന്‍ ക്ഷോഭിച്ചു.

പെട്ടെന്നാണ്‌ ചിരുതയ്ക്ക്‌ നാണുമൂപ്പനു അന്നുവന്ന കത്തിനെപറ്റി ഓര്‍മ്മ വന്നത്‌.ചിരുത പറഞ്ഞു:ഉച്ചയ്ക്ക്‌ ശിപായി ഒരു കത്തുീ കൊണ്ടുവന്നിരുന്നു. ജര്‍മ്മനീന്നോ മറ്റോ അയച്ചതാണ്‌ പോലും.ജര്‍മ്മനി എന്നു കേട്ടപ്പോള്‍ തന്നെ നാണുമൂപ്പന്റെ കയ്യിലെ ചോറുരള പൊള്ളിപ്പിടഞ്ഞു. അതു അയഞ്ഞിളകി പാത്രത്തിലേയ്ക്ക്‌ തന്നെ വീണു. അയാളൂടെ ഞരമ്പുകളൂടെ അനക്കങ്ങല്‍ മുഴുവന്‍ ഒരു നിമിഷം നിശ്ചലമായിപ്പോയി.

അടുക്കളയില്‍ ഓലമടക്കില്‍ തിരുകിവെച്ച ആ കവര്‍ വലിച്ചെടുക്കുന്നതിനിടയില്‍ ചിരുത ആരോടെന്നില്ലതെ, എന്നാല്‍ നാണുമൂപ്പനോടായി കുത്തുവര്‍ത്തമാനം പറഞ്ഞു. എന്തിനാ പൊടിക്കും മന്ത്രത്തിനും ഇങ്ങനെ ഇല്ലാത്ത കാശുകൊണ്ടുപോയി തൊലയ്ക്കുന്നത്‌? ഓലമടക്കില്‍ നിന്നു കത്തുമെടുത്ത്‌ തിരികെ വന്നപ്പോള്‍ ചോറ്റുപാത്രത്തിനു മുന്നില്‍ തരിച്ചിരിക്കുന്ന കണ്ണുകള്‍ നിറഞ്ഞുതുളുമ്പുകയായിരുന്നു. ചിരുത തേങ്ങലോടെ നാണുമൂപ്പനെ അടക്കിപ്പിടിച്ചു. ഞാന്‍
വെറുതെ പറഞ്ഞതല്ലെ... അപ്പോഴേയ്ക്കും ഇങ്ങനെ...

ചിരുത നാണുമൂപ്പനെ അടക്കം പിടിച്ചു കരഞ്ഞു.

രണ്ട്‌

തൂക്കുവിളക്കിന്റെ തിരിതാഴ്ത്തി ചിരുത കിടന്നു. നാണുമൂപ്പന്‍ അപ്പോഴും ഉറങ്ങിയില്ല. അയാളുടെ കണ്ണുകള്‍ ശൂന്യതയുടെ മേലാപ്പില്‍ തറഞ്ഞുകിടന്നു. പരന്ന നെഞ്ചില്‍ തലചായ്ച്‌ ചിരുത പതുക്കെ പറഞ്ഞു.നമുക്ക്‌ മക്കളിലില്ലെങ്കില്‍ എന്താ, കടലാക്കും ദേവിയില്ലെ....അയാളെ പിന്നെയും എന്തൊക്കെയോ വാക്കുകള്‍ പറഞ്ഞാശ്വസിപ്പിച്ച്‌ ചിരുത ഉറങ്ങിപ്പോയി. ഉറക്കം കിട്ടാത്ത മനസ്സുമായി നാണുമൂപ്പന്‍ വേറൊരു ലോകത്തില്‍ തോലുരിച്ച മൃഗത്തെപോലെ നീറിക്കിടന്നു.

ചിരുതയുടെ കൂര്‍ക്കംവലി ഉയര്‍ന്നപ്പോല്‍ അയാള്‍ പതുക്കെ എഴുന്നേറ്റു. പിന്നെ തൂക്കുവിളക്കിന്റെ തിരികള്‍ ചെറുതായി ഉയര്‍ത്തി വലിയൊരു പാപകര്‍മ്മം പോലെ ജര്‍മ്മനിയില്‍ നിന്നും വന്ന കവര്‍ പോളിച്ചു. അതില്‍ നിന്നും തടിച്ചു മിനുസ്സമുള്ള കടലാസ്‌ സൂക്ഷിച്ച്‌ പുറത്തെടുത്തു. അതില്‍ ടൈപ്പ്‌ ചെയ്തിരിക്കുന്ന ഇംഗ്ലീഷ്‌ വാക്കുകളില്‍ അയാള്‍ വിറ കൈകള്‍ വെറുതെ പായിച്ചു. ഈ വരികളിലെ അപ്രാപ്ത്യമായ സാരാംശം നാണുമൂപ്പന്റെ അത്ജതയില്‍ ഭാരം കയറ്റി വെച്ചു. നാണുമൂപ്പന്‍ ആശ്വസിച്ചുകൊണ്ടിരിന്നു; ഇന്നു ശനിയാഴ്ച. രാത്രി വണ്ടിക്ക്‌ മാഷ്‌ എത്തിയിട്ടുണ്ടാകും, എത്താതിരിക്കില്ല.

മൂന്ന്

നാണു മൂപ്പനെ കണ്ടപാടെ രവീന്ദ്രന്മാഷ്‌ ചിരിച്ചു. എന്താ രാവിലെ തന്നെ? വല്ല മഠത്തിലേക്കും മണിയോര്‍ഡര്‍ പൂരിപ്പിക്കാനുണ്ടാകുമല്ലെ?നാണു മൂപ്പന്‍ വളരെ ബദ്ധപ്പെട്ട്‌ മടക്കിചിരിച്ചു. ജര്‍മ്മനിയില്‍ നിന്നും കത്ത്‌ വന്നിട്ടുണ്ടായിരുന്നു. മാഷിന്റെ ചിരി പൊടുന്നനെ കെട്ടുപോയി. നാണുമൂപ്പന്റെ കൈയ്യില്‍ നിന്നും ധൃതിയില്‍ കവറു വാങ്ങി മാഷി ചാരുകസേരയിലേയ്ക്ക്‌ ചാഞ്ഞു. മാഷ്‌ കത്തുവായിച്ചെടുക്കുന്നതും നോക്കി ഇടവരാന്തയില്‍ കത്തുന്ന മനസ്സിനെ അമര്‍ത്തിപിടിച്ച്‌ നാണുമൂപ്പന്‍ നിന്നു. മൂപ്പന്‍ മാഷിന്റെ മുഖത്തേയ്ക്ക്‌ നോക്കിനിന്നു. അവിടെ കര്‍ക്കിടാകാശം പരക്കുന്നതു മൂപ്പന്‍ നിന്നു. ഒന്നും പറയാതെ മാഷ്‌ കുറേ നേരം നിശ്ചലായി നിന്നു. കത്ത്‌ കവറിലേയ്ക്ക്‌ തന്നെ ഇട്ടു മാഷ്‌ പറഞ്ഞു, മോള്‍ക്ക്‌ അച്ചനെ കാണാന്‍ താത്പര്യമില്ലാത്രെ. നാണുമൂപ്പന്റെ നെഞ്ചിലൂടെ ഒരു മഴു പാഞ്ഞുപോയത്‌ മാഷറിഞ്ഞു. മൂപ്പനോട്‌ പറയാന്‍ പാടില്ലാത്ത വിവര്‍ത്തനങ്ങള്‍ ഇനിയുമുണ്ട്‌. മൂപ്പനു താങ്ങാനാവാത്ത വിവര്‍ത്തനങ്ങള്‍!!!

ഇത്രമേല്‍ പ്രകൃതരോ ഇന്ത്യയിലെ മനുഷ്യരെന്നു മകള്‍ ചോദിച്ചുപോലും... മകളെ കാണാന്‍ കരച്ചിലുവരുന്ന അഛന്‍! ചിരിയടക്കാനാവാതെ മകള്‍ ഇങ്ങനെ പറഞ്ഞതില്‍ ശരിയുണ്ടെന്നു അമ്മയ്ക്കും തോന്നിയത്രെ. സാല്‍ക്കി പെരേര എന്ന അമ്മ മകളുടെ അഛന്‌ എഴുതുന്നു. നാണുമൂപ്പന്‍ എന്ന മനുഷ്യന്‍ തനിക്ക്‌ കൈമോശം വന്നുപോയ പിതൃത്വത്തിന്റെ വേദനയില്‍ കടലുകള്‍ക്കിപ്പുറം ഓര്‍മ്മയുടെ കനലില്‍ വീണുപിടയുന്നു മൂപ്പന്‍ എന്ന പ്രാകൃതന്‍.

മൂപ്പന്‍ കൊച്ചുകുട്ടിയായി നിന്നു തേങ്ങുന്നതും മുണ്ടിന്റെ കോന്തലകൊണ്ട്‌ കണ്ണുനീര്‍ വലിച്ചിടെക്കുന്നത്‌ മാഷ്‌ കാണുകയാണ്‌. പിന്നെയൊന്നും എഴുതിയില്ലെ മാഷെ. സുഖവിവരങ്ങള്‍ ഔപചാരിക വാക്കുകള്‍ മോള്‍ മ്യൂണിക്കില്‍ നിന്നും തന്റെ ശില്‍പ ഗാലറി വീമറിലേയ്ക്ക്‌ മാറിയെന്നു പിന്നെ മോളും മനോഹരമായി ശില്‍പമുണ്ടാക്കുമെന്നും ജര്‍മ്മനിയിലെ യുവശില്‍പിക്കളില്‍ ഏറ്റവും പ്രസിദ്ധയാണെന്നും. നാണുമൂപ്പന്റെ കണ്ണുനീരില്‍ അഭിമാനത്തിന്റെ തിരി തിളങ്ങി. ആ ഇരുപതിനായിരം ഉറുപ്പിക വിലവരുന്ന ഒരു ഡ്രാഫ്റ്റ്‌ ഉടനെ അയക്കുന്നുണ്ട്‌. മേലില്‍ ഇതു സംബന്ധിച്ച്‌ യാതൊരു വിധ കത്തിടപാടും പാടില്ലെന്നു അവസാന താക്കീതും. അതുപക്ഷെ മാഷ്‌ പൂഴ്ത്തിവെച്ചുകളഞ്ഞു. മോള്‍ കാണാന്‍ താത്പര്യമില്ലായെന്നു തറപ്പിച്ച്‌ തന്നെയാണൊ പറഞ്ഞിരിക്ക്യ. അവിടെ നമ്മുടേത്‌ പോലെ പതറി പറയലില്ല മൂപ്പാ. പക്ഷെ മാഷ്‌ പറഞ്ഞതിങ്ങനെ... സമാധാനിക്കുമൂപ്പാ.. എന്തൊക്കെയായാലും സ്വന്തം ചോരയല്ലെ. എന്നെങ്കിലും വരാതിരിക്കാനാവ്വോ...ഒരുകൗതുകത്തിനെങ്കിലും എന്നുകൂടി കൂട്ടിചേര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷെ മൂപ്പനു മുറിഞ്ഞെങ്കിലോ... ഏറെ നേരത്തെ മൗനത്തിനുശേഷം മൂപ്പന്‍ ഒരു സ്വകാര്യം പോലെ ചോദിച്ചു. ഇരുപതിനായിരം രൂപ കോണ്ട്‌ ജര്‍മ്മനിയില്‍ പോയി വരാന്‍പറ്റ്വോ മാഷെ.രവീന്ദ്രന്മാഷ്‌ മൂപ്പന്റെ കെട്ടിമുറക്കിയ ചുമലില്‍ പതുക്കെ തൊട്ടു. അതൊന്നും നമുക്കു കഴിയണ കാര്യമല്ല മൂപ്പ....നാണുമൂപ്പന്‍ കടലിലേയ്ക്ക്‌ നോക്കി....ഈ കടലില്‍ നേരെ തോണി തുഴഞ്ഞാല്‍ ജര്‍മ്മനിയിലെ എന്റെ മോളെ കാണാന്‍ പറ്റ്വോ...അയാളുടെ കണ്ണുകള്‍ ഇങ്ങനെ ചോദിക്കുന്നതായി മാഷിനു തോന്നി.

നാല്‌.

നീണ്ട ഒരു മഴയ്ക്കുശേഷം കടലകാശം വീണ്ടും മ്ലാനമാവാന്‍ തുടങ്ങി.

ഒഴിഞ്ഞ കടപ്പുറത്ത്‌ അധികപ്പറ്റായ വികാരം പോലെ നാണുമൂപ്പന്‍ ഇരുന്നു.
ഈ ഭൂമിയില്‍ നിന്നു എല്ലാവരും തന്നെ നിരാകരിച്ചത്‌ അയാള്‍ ശരിക്കുമറിഞ്ഞു.
നാണുമൂപ്പന്റെ മനസ്സായി വിഷുബ്ധമായ ഒരു തിരവന്നു പൊളിഞ്ഞു.
അയാള്‍ക്ക്‌ തളര്‍ച്ച തോന്നി.
കരുത്തില്‍ നിന്നും തളര്‍ച്ചയിലേയ്ക്ക്‌ നാണുമൂപ്പന്‍ മലര്‍ന്നുകിടന്നു. മഴ നേരിയ തുള്ളികളായി പെയ്യുന്നതൊന്നും അയാള്‍ അറിയുന്നില്ല. അയാളുടെ മനസ്സില്‍ വേരുകള്‍ കടിച്ചുപറിക്കുകയായിരുന്നു. പരമ്പരാഗത വേരുശില്‍പങ്ങളെക്കുറിച്ച്‌ പഠിക്കാനാണു പ്ത്തിരുപത്തിയാറു വര്‍ഷം മുമ്പ്‌ സാല്‍ക്ക്‌ പെരേര എന്ന ജര്‍മ്മകാരി ഈ കടപ്പുറത്തേയ്ക്ക്‌ വരുന്നത്‌. ഒരു നീണ്ട ക്യാമറയും ഭരം തൂങ്ങിയ സഞ്ചിയുമായി അവശ്‌ നാണുമൂപ്പനെ തേടി വരികയായിരുന്നു. കടപ്പുറത്ത്‌ അടിഞ്ഞുകൂടിയ വേരുകളെട്ത്ത്‌ അച്ഛന്‍ ഒരു രസത്തിനു വേണ്ടിയാണ്‌ ശില്‍പങ്ങളുണ്ടാക്കിത്തുടങ്ങിയത്‌. അമ്മ ഇതിന്റെ പേരില്‍ അച്ഛനെ ചീത്ത പറയുമായിരുന്നു. ശാന്തമായ ഒരു ഇളം ചിരിയോടെ അച്ഛനെല്ലാം കേട്ടിരിക്കും. അമ്മയോടുള്ള വാശികൂടിയുണ്ട്‌ വേരുകള്‍കൊണ്ട്‌ ശില്‍പമുണ്ടാക്കിത്തുടങ്ങിയതിനു പിന്നില്‍.
നാണു ഉണ്ടാക്കിയ ശില്‍പങ്ങല്‍ കണ്ട്‌ സാല്‍ക്കി കണ്ണുതുറിച്ചുപോയി. ശില്‍പത്തില്‍ കടഞ്ഞെടുത്ത പൗരുഷം ആളെ വിജ്യംഭിച്ചുകളഞ്ഞു.അവള്‍ ആവേശത്തോടെ ഗൈഡിന്റെ ചുമലില്‍ പിടിച്ചു ചാടി.
"മാര്‍വലസ്‌, നോക്കു, ഈ നാണുവിന്റെ മസിലില്‍ നിന്നാണ്‌ ശില്‍പത്തിലേയ്ക്ക്‌ രൂപം കടന്നുകയറിയത്‌. ഇയാളുടെ ഒതുങ്ങിയ അരക്കെട്ടിന്റെ രൂപം തന്നെ ശില്‍പത്തിനും"
നാണു ഇംഗ്ലീഷ്‌ മനസ്സിലാകാതെ തരിച്ചു നിന്നു. അവള്‍ വിവിധ ആംഗിളുകളില്‍ ശില്‍പങ്ങളുടെ ഫോട്ടോ എടുത്തു.

നാണുവിനോട്‌ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ചോദിച്ചു.

You know English ? ഒന്നും മനസ്സിലാവാതെ മിഴിച്ചുനോക്കുന്ന നാണുവിനെ നോക്കി ഗൈഡ്‌ സഹതാപത്തോടെ ചിരിച്ചു. ഇവന്‌ ഇംഗ്ലീഷ്‌ പോയിട്ട്‌ മലയാളം തന്നെ അറിയില്ല...
സാല്‍ക്കി പറഞ്ഞു:
'വെരിഗുഡ്‌. എനിക്കിവന്റെ ശില്‍പങ്ങളെ വേണം, പിന്നെ ഇവനെയും'
ഗൈഡിന്റെ മുഖം അസൂയയില്‍ വാടി. എങ്കിലും അയാള്‍ ചിരിച്ചു.
"എന്താ, ഇവനെ ജര്‍മ്മനിയില്‍ കൊണ്ടുപോകാന്‍ പരിപാടിയുണ്ടോ?'
അവള്‍ ഗൂഢമായി ചിരിച്ചു.
അതെ ഇവന്റെ കഴിവിനെ.
ഗൈഡിന്‌ അതിന്റെ സാരാംശമൊന്നും ഗ്രഹിക്കാനുള്ള ബുദ്ധിയില്ലല്ലൊ. നാണുവിനെ അവള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി. സാല്‍ക്കി മസിലില്‍ പുളഞ്ഞുകളിക്കുന്ന അവന്റെ വേരുശില്‍പങ്ങളെ നോക്കി. അവ്യില്‍ കൗതുകത്തോടെ കൈയ്യമര്‍ത്തി...
സാല്‍ക്കി വിയര്‍പ്പില്‍ കുളിച്ച വന്റെ നെറ്റിയില്‍ നന്ദിപൂര്‍വ്വം ഉമ്മ വെച്ചപ്പോള്‍ നാണു എന്ന ഗ്രാമീണന്‍ ആംഗ്യഭാഷയില്‍ വേവലാതിയോടെ ചോദിച്ചു. 'സാല്‍ക്കി നിനക്കു ഗര്‍ഭമായിപ്പോകില്ലെ, നിന്റെ ആങ്ങളെ നിന്നെ കൊടുവാളുകൊണ്ടു വെട്ടില്ലില്ലില്ലേ? നിന്നെ വീടുകാര്‍ അടിച്ചു പുറത്താക്കില്ലേ? അപമാനഭാരം സഹിക്കാനാവാതെ നിനക്കു പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യേണ്ടിവരില്ലേ?'സാല്‍ക്കി തന്റെ മെലിഞ്ഞ നീണ്ട ഉടല്‍ വലിഞ്ഞുമുറുക്വോളം പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു അവള്‍ക്ക്‌ ശ്വാസം മുട്ടി.
ഒന്നുരണ്ടുമാസത്തിനുശേഷം അവള്‍ ജര്‍മ്മനിയിലേയ്ക്കു മടങ്ങി.
യാത്രപോലും ചോദിക്കാതെ...
നാണു പ്രണയവേദനയില്‍ അക്കാലങ്ങളില്‍ ഇ കടപ്പുറത്തുകൂടി ഊ ണും ഉറക്കവുമില്ലാതെ ആര്‍ത്തു്‍കരഞ്ഞലഞ്ഞു.

രണ്ടുമൂന്നു വര്‍ഷത്തിനു ശേഷമാണ്‌ ഒരു ഇടിമുഴക്കമ്പോലെ ആ കത്ത്‌ ജര്‍മ്മനിയില്‍ നിന്നും വന്നത്‌. ആയിരം രൂപയുടെ ഡ്രാഫ്റ്റും കത്തും.നാണൂ, വളരെ നന്ദിയുണ്ട്‌. നിന്റെ വേരുശില്‍പങ്ങള്‍ക്കും നിന്റെ ബീജത്തിനും. മോള്‍ മിടുക്കിയാണ്‌. നിന്റെ അതേ മൂക്കും കണ്ണും. നിറം, പക്ഷെ കലര്‍ന്നിട്ടില്ല. ഭാഗ്യം... ശില്‍പങ്ങള്‍ കാണുകയേവേണ്ടൂ... അവളുടെ കരച്ചിലടങ്ങും....
നാണുവിന്റെ മനസ്സില്‍ നിന്നും പിതൃത്വത്തിന്റെ ഒരു കടലിരുമ്പി. അയാള്‍ക്ക്‌ സന്തോഷവും കരച്ചിലും വന്നു. ഇതുപോലൊരു വര്‍ഷാകാശകാലത്താണിത്‌. പൊട്ടിയ കടലുപോലെ അയാള്‍ സന്തോഷത്തിനും സന്താപത്തിനുമിടയില്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞു. കടലിന്റെ ഭീകരമായ മുഴക്കത്തിന്നുള്ളില്‍ അതു നിക്ഷേപിക്കപ്പെട്ടു.
മാഷിന്റെ സഹായത്തോടെ അയാള്‍ സാല്‍ക്കിപെരേരയ്ക്കു കത്തുകള്‍ അയച്ചു. നമ്മുടെ മോള്‍ക്ക്‌ എന്താണ്‌ പേരിട്ടിത്‌? മോള്‍ടെ ഒരു ഫോട്ടോ അയച്ചു തരുമോ? അവളെ എഴുത്തിനിരുത്തിയോ? അവള്‍ ഇപ്പോള്‍ എത്രാം ക്ലാസ്സിലാണ്‌? അവള്‍ അമ്പിളിമാമനെ കാണിച്ചുകൊടുക്കാന്‍ ശാഠ്യം പിടിക്കാറുണ്ടോ? അച്ഛനെ കാണണമെന്ന് പറഞ്ഞ്‌ കരായാറുണ്ടോ?
കത്തുകള്‍ വായിച്ച സാല്‍ക്കി പെരേര ഒന്നും മനസ്സിലാവാതെ ഒരു നിമിഷം നിന്നു പോയിരിക്കണം. ആ ചുണ്ടില്‍ തമാശയുടെ ഒരു നെടുനീളന്‍ ചിരി അലസമായി വിരിഞ്ഞിരിക്കണം.നാണുമൂപ്പന്‍ അയച്ച കത്തുകള്‍ക്ക്‌ ഒന്നിനും മറുപടി വന്നില്ല.

അയാളുടെ നെഞ്ചില്‍ പിതൃത്വത്തിന്റെ സ്നേഹവാത്സല്ല്യങ്ങള്‍ ചുരുത്താനാവാതെ കല്ലിച്ചു. അതു വേദനയായി പഴുത്തു. അതിന്റെ മൂര്‍ദ്ധന്യത്തിലാണു വേരുകളും ശില്‍പങ്ങളും അയാള്‍ കടലിലെറിഞ്ഞത്‌. ഒരു പാഴ്‌വേരുപോലും. വികല ശില്‍പം പോലും - അയാള്‍ക്കു സഹിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. ഓര്‍മ്മയുടെ തീ എന്നിട്ടും കെട്ടില്ല. നാണുമൂപ്പന്‍ തന്റെ മകളെ പലപ്പോഴായി സ്വപ്നം കണ്ടു. അവള്‍ അപ്പോഴൊക്കെ യുക്തിപൂര്‍വ്വം വളര്‍ന്നിരുന്നു. അഛന്റെ കൈ പിടിച്ച്‌, നീലപ്പൂക്കളുള്ള വെള്ള ഫ്രോക്കിട്ട്‌ ആ കടപ്പുറത്തുകൂടി നാണുമൂപ്പന്റെ മോള്‍ നടന്നു. അവള്‍ക്ക്‌ അയാള്‍ കൊത്തം കല്ലു കളിക്കാന്‍ മിനുസമാര്‍ന്ന കല്ലുകള്‍ കൊണ്ടുകൊടുത്തു. സ്ലേറ്റിലെ കലകള്‍ മായ്ക്കാന്‍ കുന്തന്മീനിന്റെ തോടുകള്‍ കൊണ്ടുകൊടുത്തു. എല്ലാവിശേഷ ദിവസങ്ങളിലും മോള്‍ക്ക്‌ ഉടുപ്പുകള്‍ വാങ്ങി. എത്രയോ രാത്രികളില്‍ മൂപ്പന്റെ മോള്‍ അച്ഛന്റെ വിരിഞ്ഞ നെഞ്ചില്‍ കിടന്നുറങ്ങി....

മഴയും കടലും കനത്തപ്പോള്‍ നാണുമൂപ്പന്‍ എഴുന്നേറ്റു.
അഞ്ച്‌.


തിങ്കളാഴ്ച.പതിവുപോലെ രവീന്ദ്രന്മാഷ്‌ അതികാലത്തെഴുന്നേറ്റു കുളിച്ചു. പല്ലുതേച്ചു. ജോലിസ്ഥലത്തേക്കുള്ള സാധനങ്ങള്‍ ബാഗിലാക്കി തലേന്നുതന്നെ വച്ചിരുന്നു. പുലര്‍ച്ചയുടെ അവസാനയാമത്തിലാണ്‌ വണ്ടി. ആ ധൃതിക്കിടയിലാണ്‌ മുറ്റത്ത്‌ ഒരു നിഴലനക്കം കണ്ടത്‌.-നാണുമൂപ്പന്‍.

എന്താ മൂപ്പാ, ഈ പൊലര്‍ച്ചയ്ക്ക്‌?"
നമുക്കു ജര്‍മ്മനിയിലേയ്ക്കു ഒരു കത്തെഴുതണം മാഷേ"
രവീന്ദ്രന്മാഷയ്ക്ക്‌ ആദ്യം അരിശമാണ്‌ തോന്നിയത്‌.
വെളിചത്തില്‍ അയാളുടെ അശാന്തമായ മനസ്സുകണ്ടു മാഷ്‌."ജര്‍മ്മനിയില്‍ എന്തു വിവരമാ എഴുതാനുള്ളത്‌ മൂപ്പാ"?"
സാല്‍ക്കിനുള്ള കത്തില്‌ മോള്‍ക്ക്‌ കൊടുക്കാന്‍ ഒരു കത്തെഴുതി പ്രത്യേകം കവറിലാക്കിയാ മതി."മുമ്പൊക്കെ ചെയ്യാറുള്‍ലതുപോലെ പ്രധാനപോയിന്റുകള്‍ കുറിച്ചെടുക്കാന്‍ മാഷ്‌ കടലാസും പേനയും തപ്പി.
മോള്‍ക്കുള്ള വരികള്‍ നാണുമൂപ്പന്റെ കണ്ണുകളില്‍ നിന്നു അടര്‍ന്നുവീണു. അയാള്‍ക്കു തേങ്ങലടക്കുവാന്‍ കഴിഞ്ഞില്ല.
കണ്ണുകള്‍ അമര്‍ത്തിത്തുടച്ച്‌ ശബ്ദത്തിന്റെ ഇടര്‍ച്ചയെ അതിജീവിച്ച്‌ നാണുമൂപ്പന്‍ പറഞ്ഞു,"എഴുതിക്കോ മാഷേ"
-ന്റെ പൊന്നു പൈതലേ... ഈ അച്ഛന്‌ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ, കരള്‌ പൊട്ടിപ്പ്പോകുന്ന് തോന്നീട്ടാ.... ഈ അച്ഛന്‌ മോള്‍ടെ ഒരു ഫോട്ടോവെങ്കിലും....."പിന്നെയും മൂപ്പന്‍ പലതും പറഞ്ഞു. കണ്ണീരും വക്കും കുഴഞ്ഞ്‌ ഗ്രാമീണമായ ഒരീണമായി അതു മാറി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് മാഷ്‌ ചിന്തിച്ചു."ഈശ്വരാ, ഇതെങ്ങിനെയാണ്‌ ഞാന്‍ ഇംഗ്ലീഷിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്യുക....?
************

ചെറുകഥ.
തമോ:ശാന്തി
ഷാജി ഹനീഫ്
###


പാല്‍പ്പല്ലു മുളച്ചപ്പോള്‍ മുതല്‍ അച്ഛനുമമ്മക്കും വേവലാതിയായിരുന്നു. അതൊക്കെ പറഞ്ഞ്‌ വിദ്യാര്‍ംഭത്തിലെ ആദ്യ നാളുകളില്‍ നൊണ്ണുകടിച്ചിരിക്കുമ്പോഴും ഓരോ പുതുപല്ലിനോടൊപ്പം ഓരോ പുത്തനറിവുകള്‍ ഹൃദ്യസ്ഥമാക്കുമ്പോഴും വായിലെ നിറപ്പല്ലുകളെ കുറിച്ച്‌ കിനാവു കണ്ടുണരും.

കൗമാരക്കാരുടെ ഒടുവിലത്തെ അണപ്പല്ല് വലിയൊരു നോവോടെ പിറന്നപ്പോഴും അമ്മ പല്ലപ്പം ചുട്ടുവിളമ്പി. കലാലയ ബഹളങ്ങളില്‍ മുങ്ങി ജീവിക്കുമ്പോള്‍ മറന്നുപോയ ദന്ത ശുദ്ധീകരണം അച്ഛന്‍ പലപ്പോഴും ഓര്‍മ്മിപ്പിച്ചു.
പുലരിക്കൊപ്പം തളത്തില്‍ തൂക്കിയ പാട്ടയില്‍ നിന്ന് ഒരു നുള്ളു ഉമിക്കിരി നുള്ളി അച്ഛനും അമ്മയും പങ്കുവെച്ചു തേച്ചു പുച്ഛത്തോടെ അവരെ നോക്കി പല വ്യജ്ഞന കടയിലേക്ക്‌ നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ഒരു പുതിയ ബ്രഷും പേസ്റ്റുമായിരുന്നു. ഞെക്കുമ്പോള്‍ വിവിധ വര്‍ണ്ണങ്ങളില്‍ പുറത്തേക്കുവരുന്ന ഒരെണ്ണം തെരെഞ്ഞെടുത്തപ്പോള്‍ ആഹ്ലാദം തോന്നി. പല വര്‍ണ്ണങ്ങള്‍തേച്ച്‌ തുപ്പുമ്പോള്‍ വെളുത്ത പത! ഹാ അതിശയം! ആദ്യത്തെ തേപ്പായതിനാല്‍ വെളുത്ത പതക്കപ്പം അവിടെവിടെ ചുകന്ന പാടുകള്‍.
നാളുകള്‍ക്കപ്പം മടുപ്പ്‌ തോന്നിയപ്പോള്‍ വേറൊരു പേസ്റ്റ്‌ തിരിയേണ്ടിവന്നു. അതിനു ചുകന്ന നിറമായിരുന്നു. പക്ഷെ പതക്ക്‌ പഴയ നിറം തന്നെ, വെളുപ്പ്‌. അതിലും മടുപ്പ്‌ തോന്നിയപ്പോള്‍ പച്ച, മഞ്ഞ, നീല.... തുടങ്ങി പലവര്‍ണ്ണങ്ങള്‍ മാറിമാറി പരീക്ഷിച്ചു. പക്ഷേ, എല്ലാത്തിന്റെ പതക്കും ഒരേ നിറം.
പല പല പരീക്ഷണങ്ങള്‍ക്കിടക്ക്‌ ദന്തനിര ശുഷ്കിച്ചതും പല്ലിനു കറുത്ത പോട്‌ വന്നതും അറിയാന്‍ കഴിഞ്ഞില്ല. നാട്ടുവൈദ്യന്റെ നിര്‍ദ്ദേശ പ്രകാരം സ്വദേശ നിര്‍മ്മിത ദന്തധാവധന ചൂര്‍ണ്ണം എന്നെഴുതിയ കാവിപ്പൊടിയിലും ഒടുവില്‍ അഭയം തേടി. ഒരു നുള്ള്‌ എടുത്തതും നീറ്റലും പുകച്ചിലും. കണ്ണുനീര്‍ കുടുകുട ഒഴുകി. തുപ്പിയപ്പോള്‍ കാവിവെള്ളം കേലപോലെ വായിലൂടെ ഒഴുകി. നെഞ്ചിലും വയറ്റിലും ഒലിച്ചു തുടങ്ങിയപ്പോള്‍ കൈയ്യും അശുദ്ധമായി. ഡപ്പിയടക്കം കക്കൂസിന്‌ പുറകിലേക്കെറിഞ്ഞപ്പോഴേ സമാധാനമായുള്ളൂ.
എല്ലാം കണ്ടും കേട്ടുമിരുന്ന അച്ഛന്‍ ഒടുവില്‍ തളത്തിലേപാട്ടയില്‍ നിന്നെടുത്ത ഒരു നുള്ള്‌ ഉമിക്കിരി അവനു നല്‍കി. സ്നേഹപൂര്‍വ്വം വാങ്ങി പല്ലുതേച്ചു. നീറ്റലില്ല, പുകച്ചിലില്ല, കണ്ണുനീരില്ല. പക്ഷെ തുപ്പുന്നത്‌ കറുപ്പുനിറത്തില്‍ തന്നെ.
തുപ്പിയ കറുപ്പ്‌ ഇരുട്ടായി വീടിനെ മൂടിയപ്പോള്‍ ഭയലേശമന്യേ അവന്‍ ഉമ്മറപ്പടി കയറാനാഞ്ഞു. അകത്തു നിന്ന് അമ്മയുടെ സ്നേഹസ്വരം...
മോനേ...... സൂക്ഷിച്ച്‌.........എങ്കിലും ആ ഇരുട്ടില്‍ അവന്‌ സുരക്ഷിതത്വം തോന്നി.
**********************

കവിത
എന്റെ സൂര്യനെ കണ്ടുവോ...

രണദേവ്‌ മറ്റത്തോളി

****************

എന്റെ സൂര്യനെ കണ്ടുവോ....
ആകാശ നാളിയില്‍ ദീപം കൊളുത്തുന്ന
സൂര്യനെ കണ്ടുവോ, നിങ്ങള്‍?
ഭൂമണ്ഡലങ്ങളില്‍ പ്രാപഞ്ചികങ്ങളില്‍
കത്തി ജ്വലിക്കുന്ന താരം.
കണ്ണുകള്‍ കാണാത്ത കാഴ്ചകള്‍ക്കപ്പുറം
കാതലായ്‌ ശോഭിച്ചു നില്‍ക്കും.
ഘോരാന്ധകാര തിമര്‍പ്പാര്‍ന്ന കോട്ടകള്‍
വജ്രായുധം കൊണ്ടുടയ്ക്കും
ചുടലക്കളങ്ങളില്‍ സന്ധ്യയില്‍ പകലിന്റെ
പാപങ്ങളൂതിയുരുക്കും.
ഏഴാം കടല്‍തിര മുങ്ങിക്കുളിച്ചീറ-
നായ്‌ വീണ്ടും നാളെയുദിക്കും.
അന്നം മുടക്കുന്ന ആഹരി പക്ഷികള്
‍തൂവല്‍ കരിഞ്ഞുപതിക്കും.
പിഴുതെടുത്താലും ചലിക്കുന്ന നാവുകള്
‍നിന്‍ ജയഭേരിയാവുന്നു.
എരിയുന്ന പകലിന്റെ ഉലകളില്‍ ഞാനെന്റെ
മനസ്സിനെ വാര്‍ത്തെടുത്തോട്ടെ!
നാളെയുദിക്കുന്ന പുത്തന്‍ പുലരിയില്‍
ഞാനും പുനര്‍ജനിച്ചോട്ടെ!
*****************
സാഹിത്യം
നമ്മുടെ സാഹിത്യം
ആലങ്കോട്‌ ലീലാകൃഷ്ണന്‍
‍കേരളീയ നവോത്ഥാനം സൃഷ്ടിച്ചെടുത്ത ചില ആദര്‍ശാവേശങ്ങളാണ്‌ ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഗതി നിര്‍ണയിച്ചത്‌. നമ്മുടെ നവോത്ഥാനന്തര സാഹിത്യത്തിന്‌ ചില ലോകപദ്ധികളുണ്ടായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവര്‍ഗം,അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം തുടങ്ങിയ മാനവികമായ കിനാവുകളെല്ലാം ഉടലെടുത്തത്‌ ഈ ലോകപദ്ധികളില്‍ നിന്നാണ്‌. ഉണര്‍ന്നെഴുന്നേക്കുകയായിരുന്ന ഒരു മനുഷ്യവര്‍ഗ്ഗത്തിന്‍ അന്ന് സാഹിഹ്യം വെറും കിനാവായിരുന്നില്ല. ഉണര്‍ച്ചയുടെ യാഥാര്‍ത്ഥ്യവും ജീവിതേച്ഛയുമായിരുന്നു, ആ മനുഷ്യേച്ഛയുടെ ഫലമായാണ്‌ ഇരുപതാം നൂട്ടാണ്ടിന്റെ രണ്ടാം പകുതിയില്‍ ഐക്യകേരളം എന്ന നമ്മുടെ വലിയൊരു കിനാവ്‌ യാഥാര്‍ത്ഥ്യമായത്‌. കേരളം എന്ന ഭാഷാസംസ്ഥാനം രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഒരു ജനവര്‍ഗ്ഗം ഒന്നായിത്തീരുകയും അവരുടെ മൗലികമായ സാംസ്കാരികവികാരങ്ങള്‍ ഒന്നിച്ചു ത്രസിക്കുകയും കേരളീയത എന്ന പൊതുവായ സാമൂഹികബോധം പുരോഗ മനോന്മുഖമായ ഒരു പുതിയ ചരിത്രഗതിയെ അടയാളപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ നമ്മുടെ സാഹിത്യത്തിലും ഈ പൊതുവായ ഇടം പലവിധത്തിലും സര്‍ഗാത്മകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്നു കാണാം.കഴിഞ്ഞ അന്‍പതുവര്‍ഷത്തെ സാഹിത്യത്തെ വിലയിരുത്താന്‍ തുടങ്ങുമ്പോള്‍ തുടക്കത്തില്‍ നാം കാണുന്ന പ്രബലരായ എഴുത്തുകാരില്‍ തകഴിയും, ബഷീറും, കേശവദേവും, പൊന്‍കുന്നം വര്‍ക്കിയും, വള്ളത്തോളും, ഇടശ്ശേരിയും, വൈലോപ്പള്ളിയും, ജിയും, പിയും, അന്തര്‍ജ്ജനവും, ഉറൂബും, എന്‍.വിയും, എം. ഗോവിന്ദനും, വയലാറും, ഭാസ്കരനും, ഒ. വി. വിജയനും, ബാലാമണിയമ്മയുമൊക്കെ ഉണ്ടായിരുന്നു. (ജീവിച്ചിരിക്കുന്നവരുടെ പേരുകള്‍ ഒഴിവാക്കുന്നു.) ഇവരൊക്കെയും നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ ശക്തരായവക്താക്കളും പ്രയോക്താക്കളുമായിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ രൂപീകരണകാലം തൊട്ടുതന്നെ കലയുടെയും സാഹിത്യത്തിന്റെയും പുരോഗമനപക്ഷ വര്‍ഗനിലപാടുകളെക്കുറിച്ച്‌ നിരന്തരം തര്‍ക്കങ്ങളും സംവാദങ്ങളും സൃഷ്ടിച്ചുകൊണ്ട്‌ ഒരു സംഘടിത സാഹിത്യസംവാദ മണ്ഡലം ഇവരോടൊപ്പമുണ്ടായിരുന്നു. നമ്മുടെ നാടകപ്രസ്ഥാനവും കലാസമിതിപ്രസ്ഥാനവും ഗ്രന്ഥശാലപ്രസ്ഥാനവും നവസിനിമാപ്രസ്ഥാനവുമെല്ലാം ജനകീയമായി മുന്നോട്ട്‌ ചലിച്ചത്‌ ഈ സംവാദാത്മകത കൊണ്ടാണ്‌. നിരന്തരമായ ആശയവിനിമയങ്ങളും സംഘര്‍ഷങ്ങളും സമന്വയങ്ങളും സൃഷ്ടിച്ചുകൊണ്ട്‌ നിലനിന്ന ഈയൊരു പുരോഗമന ചലനം തന്നെയാണ്‌ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ നമ്മുടെ സംസ്കാരമണ്ടലത്തെ നിയന്ത്രിച്ചുപോരുന്നത്‌. ചരിത്രത്തെ മുന്നോട്ട്‌ ചലിപ്പിച്ച ഇന്ധനം നാം തന്നെയായിരുന്നു. സാംസ്കാരികമേഖലയിലെ ഈ പുരോഗമനചിന്ത, അതിനോട്‌ ശക്തിയായി വിയോജിച്ചുകൊണ്ടും ബോധപൂര്‍വം പുരോഗമനപക്ഷത്തുനിന്നു വ്യതിചലിച്ചുകൊണ്ടുമൊക്കെ ധാരാളം കലാ-സാഹിത്യ ചിന്തകള്‍ കഴിഞ്ഞ അര നൂട്ടാണ്ടിനുള്ളില്‍ കേരളത്തിലുണ്ടായിട്ടുണ്ട്‌. അതൊക്കെയും നമ്മുടെ പുരോഗമന ചിന്തകളെ നവീകരിയ്കാനുംവിപുലീകരിക്കാനുമാണ്‌ പ്രയോജനപ്പെട്ടത്‌. എപ്പോഴൊക്കെ നമ്മുടെ പുരോഗമന കലാ-സാഹിത്യചിന്തകള്‍ മന്ദീഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ നമ്മുടെ സംസ്കാരത്തെ വഴിതെറ്റിച്ചിടുണ്ട്‌. എല്ലാ അധിനിവേശങ്ങളും ആശയപ്രചാരങ്ങളുടെ രൂപത്തിലാണ്‍ ആദ്യം കടന്നു വരുന്നത്‌. ആങ്ങനെ ചിന്തിക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരാധുനിക കലാ-സാഹിത്യ സിദ്ധാന്തങ്ങളിലൂടെ ഒളിച്ചുകടത്തപ്പെട്ട ചില മനുഷ്യ വിരുദ്ധമായ ആശയങ്ങള്‍ നമ്മുടെ സംസ്കാരത്തെ ആശയപ്രചാരങ്ങളുടെ രൂപത്തിലാണ്‍ ആദ്യം കടന്നുവരുന്നത്‌, അങ്ങനെ ചിന്തിക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരാധുനിക കലാ-സാഹിത്യ സിദ്ധാന്തങ്ങളിലൂടെ ഒളിച്ചുകടത്തപ്പെട്ട ചില മനുഷ്യ വിരുദ്ധമായ ആശയങ്ങള്‍ നമ്മുടെ സാഹിത്യത്തെയും സംസ്കാരത്തെയും അപചയപ്പെടുത്തിയിട്ടുണ്ട്‌ എന്നു കാണാം. ഇന്നലെകളില്‍ നമ്മുടെ നവൊധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാഹനമായിരുന്ന കലാ-സാഹിത്യ-സാംസ്കാര മണ്ടലത്തെ പതുക്കെപ്പതുക്കെ സംസ്കാരാടിമത്തത്തിന്റെ ചതിപ്പാതകളിലേക്കു നയികാനുള്ള ഗൂഢശ്രമങ്ങള്‍ ഇന്നു നടനു കൊണ്ടിരിക്കുന്നുണ്ട്‌. മലയാള സാഹിത്യവും സംസ്കാരവും നേരിടുന്ന പ്രധാന വെല്ലുവിളി ഈ ആശയാധിനിവേശങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിപരമായ അടിമത്തമാണ്‌. കലയും സാഹിത്യവും എന്നും സ്വാതന്ത്ര്യത്തിന്റെ മനുഷ്യ പക്ഷത്തായിരിക്കണം എന്ന് പണ്ടെന്നത്തേതിനേക്കാള്‍ ജാഗ്രതയോടെ തിരിച്ചറിയേണ്ട കാലമാണ്‌ ഇത്‌. ലോകത്തിന്റെ ദുഃഖത്തോടും വിദ്വേഷത്തോടും സ്നേഹരാഹിത്യത്തോടും സംഘര്‍ഷങ്ങളോടും പ്രതികരിയ്ക്കാന്‍ സ്വന്തം ഹൃദയം വെട്ടിപ്പിളര്‍ന്നവരുടെ രക്തമായിപ്പോലും കലയും സാഹിത്യവും നമ്മെ വിമോചിപ്പിച്ചു എന്നു വരും. മ്മനുഷ്യന്റെ മനസ്സില്‍ തലമുറകളില്‍ കുടി ജീവിയ്ക്കുന്ന ചില ശാശ്വതമൂല്യങ്ങളുണ്ട്‌. ചരിത്രത്തിലും നാഗരികവികാസങ്ങലിലും ശാസ്ത്രസാങ്കേതികരംഗങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും ഈ ശാശ്വതമൂല്യങ്ങളാണ്‌. മനുഷ്യസംസ്കാരത്തിന്റെ ഉത്തമഗതിയെ നിലനിര്‍ത്തുന്നത്‌. കേരളീയ സംസ്കാരം കഴിഞ്ഞ അരനൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന അനുഭവങ്ങള്‍ ഈയൊരു ദിശാബോധത്തിലേക്ക്‌ നമ്മെ നയിക്കേണ്ടതാണ്‌. ****************

കവിത
ഭ്രാന്ത്‌


ബിന്ദു സന്തോഷ്‌.

എങ്ങുനിന്നെന്നില്ലാതെ
നമുക്കുമേല്‍ ചാടി വീഴും
തെരുവില്‍, ജീവിത തിരുവുകളില്‍
‍ഓര്‍മ്മച്ചതുപ്പില്‍..
എപ്പോഴെന്നില്ലാതെ
നാം ആക്രമിക്കപ്പെടും
ഇഷ്ട നഷ്ടങ്ങളുടെ ചതുരംഗത്തില്‍.
ദുശ്ശഃകുനങ്ങളുടെ കണക്കെടുപ്പില്‍.
ദുരന്തത്തിന്‍ ചോരമണത്തില്‍.
അഭിമാനച്യുതിയി‍ല്‍
‍തൃഷ്ണയൊടുങ്ങലില്‍
‍എകാന്തതയില്‍
‍എവിടെ വെച്ചും
പതിയിരുന്ന് നമ്മെ പിടികൂടും
ഉഗ്ര പ്രസരത്തില്‍ തളര്‍ത്തിയിടും
മനഃപ്പാളികളില്‍ ചൂണ്ടക്കൊളുത്തിട്ട്
അധിനിവേശം ഉറപ്പിക്കും
ഭ്രമക്കുതിരകളെ വീഞ്ഞ്‌ കുടിപ്പിക്കും
പൊട്ടിച്ചിരിയുടെഗ്രാമഫോണ്‍ സൂചി ഊരിമാറ്റും
നിര്‍ത്താപ്പറച്ചിലില്‍
‍ചരടറുത്ത്‌ പറന്നുപോയെന്ന്
ഊതി പറത്തും
അടക്കിയമര്‍ത്തിയ കരച്ചിലുകള്
‍നേര്‍ പാതിയില്‍ പിളര്ന്ന്
സ്ഥിരതയുടെ കടല്‍വള്ളികള്‍
പറിച്ചെടുക്കും
മഹാ മൗനത്തില്‍ നങ്കൂരമിടുവിക്കും
അക്രമണോത്സുകതയില്‍
‍ചിന്നം വിളിപ്പിക്കും
ഒളിയിടങ്ങളില്‍
‍തിരഞ്ഞ്‌ അലയേണ്ടതില്ല
മ്രുത്യുവെന്നപോലെ സദാ
ത്വക്കുരുമ്മി ഇരിക്കുന്നുണ്ടാകും
നിശ്ചയമായും.
ഒരിക്കല്‍ നാം അകപ്പെടും
ഭ്രാന്തന്‍ വിരല്‍മുദ്ര ഇല്ലാത്ത ഒരുവനും
ജീവിതം.
ഉണ്ടായിട്ടില്ലെന്ന് തിരിച്ചറിയും
*******************
കവിതകാട്ടിലൂടെ നടക്കുമ്പോള്‍

‍അബ്ദുള്ള പേരാമ്പ്ര




കാട്ടിലൂടെ നടക്കുമ്പൂള്‍
‍കാഴ്ചകള്‍ തളക്കരുത്‌
ചുണ്ട്‌ നനച്ച്‌,
ചുംബിക്കാന്‍ വരുന്ന ഇലകള്‍
‍പച്ചയോടെ പുണരുമ്പോള്‍
ഒച്ചവെയ്ക്കരുതൊരിക്കലും,
പ്രണയകേളിയില്‍
ശരീരം മറന്ന വേരുകള്‍
ഉടലിനോട്‌ ചേരുമ്പോള്‍
‍കോപിച്ചു കയര്‍ക്കരുത്‌
ഇലകളുടെ മെത്തയില്‍,
തലചായ്ച്ചുറങ്ങുന്ന
ഇളംവെയില്‍ക്കുഞ്ഞുങ്ങളുടെ
നിശ്ശഃബ്ദ പ്രര്‍ത്ഥനയെ
ഒരിക്കലും വിളിച്ചുണര്‍ത്തരുത്‌.
കാട്ടിലൂടെ നടക്കുമ്പോള്‍,
മിണ്ടരുതൊരിക്കലും
തുറന്നുവെച്ച വാതിലുകള്‍
‍കൈവീശി വിളിക്കുമ്പോള്‍
നടന്നു പോകരുതേ
കണ്ടറിഞ്ഞ വഴികളില്‍,
ഒരിക്കലും കേള്‍ക്കാത്ത
മധുര ഗാനങ്ങള്‍
‍കാതില്‍ പടരുമ്പോള്‍
മറക്കരുതൊരിക്കലും,
ഉടുമുണ്ടഴിച്ച നിലാവിനെ
പൂക്കള്‍ കരുതിവെച്ച
വാക്കുകളുടെ പരാഗങളില്‍
‍കാറ്റ്‌ പതിക്കുമ്പോള്‍
കണ്ണുകള്‍ പൊത്തരുത്‌,
ഒരൊറ്റ ഇലയാല്‍,
നഗ്നത മറച്ച്‌,
ഒളിഞ്ഞുനോക്കുന്ന വള്ളികളില്
‍ബലമായി പിടിക്കുമ്പോള്‍
പൊട്ടിപ്പോവരുതേ
മുടികോതിയിട്ട്‌,
ചമഞ്ഞു നില്‍ക്കുന്ന
പേരറിയാ ചില്ലകള്‍
കാതില്‍ മന്ത്രിക്കുമ്പോള്‍
അടച്ചേക്കരുതേ
ഒരു വാതിലും പൂര്‍ണം.
കാട്ടിലൂടെ നടക്കുമ്പോള്‍
വഴിതെറ്റിക്കയറുന്ന
ചടുല ചിന്തയെ
കയറൂരി വിടരുത്‌
അകത്തേക്കോ,
പുറത്തേക്കോ
******************
ജലവാസം
സത്യന്‍ മാടാക്കര

നിവര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍.
കടല്‍.
..കുഞ്ഞുമല്‍സ്യങ്ങളുടെ ഉദ്യാനം.
നീല മഷിയില്‍,
സൂര്യനെഴുതിയ കവിത.
ദൈവം കുഴിച്ച,
ജലക്കയത്തില്‍ നിന്ന്,
ചൂണ്ടയെ പരിഹസിക്കുന്ന തിരണ്ടി,
കൈ വീശുന്നു.
കടല്‍ക്കാക്കളുടെ ചിറകടി.
കുടഞു തീരാക്കടം ഉണര്‌ത്തുന്നു.
മുട്ടുകുത്തി നിന്ന്
തിരകള്‍ സങ്കടഹര്‍ജി എഴുതുന്നു.
സഹിക്കാത്തത്‌ നിലം പറ്റിക്കുന്നത്‌
മുറിച്ചന്ദ്രനിലേയ്ക്ക്‌ കാത്‌ ചേര്‍ത്താല്‍ കേള്‍ക്കുമോ?,
ഒട്ടകത്തെ യാത്രയ്ക്ക്‌ തുറന്ന് വിട്ട്‌.
വേനലില്‍ പൂക്കുമ്പോള്‍.
ഇടം നേടലാണ്‌ സാഹസം.
ഒഴുക്ക്‌ ക്ഷണിക്കുന്നു:
വേലിയേറ്റം,
വേലിയിറക്കം,
വരൂ.
ജലവാസത്തിലും ചിലതുണ്ട്‌.
വെളിച്ചം വെറുതെ നിറയലല്ല,
അത്‌ എല്ലാ മനുഷ്യരുടേയും ഭാഷയാകുന്നു.
ഏത്‌ ഇരുട്ടിലും കരുതിയിരിക്കാം
കീറിമുറിഞ്ഞത്‌ തുന്നാന്‍
വജ്ര സൂചി,
കയ്യില്‍ തന്നെ കരുതാം.
***********************

കവിത
ചിത്രകലയില്‍ ഒരു പാഠം
നിസാര്‍ ഗബ്ബാനി
വിവ: കമറുദ്ദീന്‍

*******

ചായപ്പെട്ടിതുറന്നുവെച്ച്,
പക്ഷിയെ വരക്കാന്‍ ,
ആവശ്യപ്പെടുന്നു മകന്‍ ,
ചാരനിറത്തില്‍ ബ്രഷുമുക്കി.
അഴികളും താഴുമിട്ട ചതുരം വരച്ചു ഞാന്‍
അവന്റെ കണ്ണുകളില്‍ നിറയുന്നു ആശ്ചര്യം."
പക്ഷെ, ഇതൊരു തടവറയല്ലേ അച്ഛാ,
പക്ഷിയെ വരക്കാന്‍ അറിയില്ലെന്നുണ്ടോ"
"മകനെ പൊറുക്കുക
പക്ഷികളുടെ രൂപം മറന്നുപോയി ഞാന്‍"
ചിത്രപുസ്തകം തുറന്നുവെച്ച്‌
വൈക്കോല്‍ത്തുറുമ്പ്‌ വരക്കാന്‍
ആവശ്യപ്പെടുന്ന മകന്‍.
പേനെയെടുത്ത്‌ തോക്കുവരച്ചു ഞാന്‍.
അവന്‍ എന്റെ അശ്രദ്ധയെ കളിയാക്കി
വൈക്കോലും തോക്കും
തിരിച്ചറിയില്ലെന്നുണ്ടോ അച്ചന്‌?
അറിയാമായിരുന്നു മകനേ
വൈക്കോലിന്റെ രൂപം
റൊട്ടിക്കഷണത്തിന്റെ,
റോസാപ്പൂവിന്റെ,
പക്ഷെ, ഈ കഠിനദിനങ്ങളില്‍
മരങ്ങള്‍ സൈനീകര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
റൊസാപൂക്കള്‍ക്ക്‌ തളര്‍ച്ച ബാധിച്ചിരിക്കുന്നു.
വൈക്കോല്‍ തുറുമ്പുപോലും
ആയുധമണിഞ്ഞു കഴിഞ്ഞു.
സായുധരായ പക്ഷികള്‍,
സായുധരായ മതം,
ആയുധ സംസ്കാരം.
ഇപ്പോള്‍ അകമേ തോക്കില്ലാത്ത
ഒരപ്പവും നിനക്ക്‌ വാങ്ങാനാവില്ല
മുഖത്ത്‌ മുള്ള്‌ പോറാത്‌
ഒരു റോസാപ്പ്പൂവും ഇറുക്കാനാവില്ല
വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിയ്ക്കാത്ത
ഒരു ഗ്രന്ഥവും സ്വന്തമാക്കാനാവില്ല.
കിടക്കക്കരികില്‍ വന്നിരുന്നു
കവിത ചൊല്ലാന്‍ ആവശ്യപ്പെടുന്ന മകന്‍.
തലയിണയിലേയ്ക്ക് എന്റെ കണ്ണീരടരുന്നു.
വിസ്മയത്തോടെ അവന്‍ അതു മുത്തിയെടുക്കുന്നു.
പക്ഷേ, ഇത്‌ കവിതയല്ലല്ലോ അച്ഛാ, കണ്ണീരല്ലേ?
മകനേ നീ മുതിരുമ്പോള്‍
നമ്മുടെ മഹാകാവ്യങ്ങള്‍ പരിചയിക്കുമ്പോള്‍
വാക്കും കണ്ണീരും ഇരട്ടകളാണെന്നു തിരിച്ചറിയും,
അവ കുറിക്കപ്പെടുന്ന വിരലുകളുടെ തേങ്ങലാണെന്നും
മകന്‍ പേനയും ചായ പെന്‍സിലുകളും
എനിക്കു നേരെ നീട്ടുന്നു.,
അവനു വേണ്ടി ഒരു മാതൃരാജ്യം വരക്കാന്‍ ആവശ്യപ്പെടുന്നു.
വിരലുകള്‍ക്കിടയില്‍ ബ്രഷ്‌ നടുങ്ങിവിറക്കുന്നു
ഞാന്‍ പൊട്ടിക്കരച്ചിലിലേയ്ക്ക്‌ ആണ്ടുപോകുന്നു.
**************************************


മാപ്പിളപ്പാട്ടിന്റെ മഹാറാണി വിളയില്‍ വത്സല അല്ല ഫസീലയുടെ അരങേറ്റം.

വി എം കുട്ടി

അസ്വാസ്ഥ്യം എന്നെ വീര്‍പ്പുമുട്ടിച്ചിരുന്നു. ഞാന്‍ വീടിന്റെ വരാന്തയില്‍ തലങ്ങും വിലങ്ങും നടന്നു. സഖാവ് കാരിക്കുഴിയനും പള്ളിയാളി മുഹമ്മദ്മാസ്റ്ററും വരാന്തയില്‍ കസാലയിലിരുന്ന് പുറത്തേക്ക് നോക്കുകയാണ്.ഞാന്‍ ചോദിച്ചു: 'അവര്‍ വരില്ലേ?''നീയൊന്നു മിണ്ടാതിരി. അവര്‍ വരും. പത്തുമണിയല്ലേ ആയുള്ളു. വരാതിരിക്കില്ല'.ഇടയ്ക്ക് വിളയില്‍ വല്‍സല പുറത്തേക്കുള്ള വാതിലിനരികില്‍വന്ന്, ഒന്നെത്തിനോക്കി തിരിച്ചുപോയി.മനസ്സില്‍ കനലെരിയുകയാണ്.ഇരുന്ന് മുഷിഞ്ഞ പള്ളിയാളിമാസ്റ്റര്‍ പുറത്തേക്കിറങ്ങി. ഗേറ്റ് തുറന്ന് നിരത്തിലിറങ്ങി കിഴക്കോട്ട് നോക്കിനിന്നു.എവിടെയും ഇരുപ്പുറയ്ക്കാതെ ഞാന്‍ അസ്വസ്ഥനായി. 'ഇങ്ങനെ ബേജാറായാലെങ്ങനെ? നീയൊന്ന് സമാധാനമായി ഇരിക്ക്! അവര്‍ വരും'.സഖാവ് കാരിക്കുഴിയന്‍ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ, എന്റെ മനസ്സ് പറയുന്നു; ഇനി അവര്‍ പരിപാടിക്ക് വരില്ല.പള്ളിയാളിമാസ്റ്റര്‍ നിരത്തില്‍ നിന്നനില്‍പ്പില്‍ത്തന്നെ കിഴക്കോട്ട് കണ്ണുനട്ടുനില്‍ക്കുന്നു.സഖാവ് കാരിക്കുഴിയില്‍ സിഗരറ്റ് വലിക്കുകയാണ്. പുകച്ചുരുള്‍ വലയങ്ങളായി കോലായില്‍ പരക്കുന്നു. ഞാന്‍ അമര്‍ഷത്തോടെ സഖാവിന്റെ മുഖത്തേക്ക് നോക്കി.വല്‍സല വീണ്ടും പുറത്തേക്കുവന്നു. എന്റെ പരിഭ്രമം കണ്ട് അവള്‍ പറഞ്ഞു:'ഓള് ബരും മാഷേ. ഇന്നലെ റിഹേഴ്സല്‍ കഴിഞ്ഞ് പോകുമ്പം പറഞ്ഞതല്ലേ ഒമ്പതുമണിക്കു മുമ്പെത്തുംന്ന്''പത്തരമണിയായില്ലേ? ഇതുവരെ എത്തിയില്ലല്ലോ!'അപ്പോള്‍ വെളുത്തൊരു അംബാസഡര്‍ കാര്‍ ഗേറ്റുകടന്ന് മുറ്റത്ത് വന്നുനിന്നു. ഗാനമേളയ്ക്ക് പുറപ്പെടാനുള്ള കാറാണ്.പള്ളിയാളിമാസ്റ്റര്‍ ഗേറ്റിനുമുമ്പില്‍ നിരത്തിന്റെ ഓരത്ത് കിഴക്കോട്ട് നോക്കിനില്‍ക്കുകയാണ്.പന്ത്രണ്ടു മണിക്കുള്ളിലായി തിരൂരില്‍ എത്തണം. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ മലപ്പുറം ജില്ലാ സമ്മേളനമാണ് തിരൂരില്‍. അതില്‍ എന്റെയും സംഘത്തിന്റെയും വിപ്ളവഗാനങ്ങളുണ്ട്.സഖാവ് ഇ എം എസ്, എ കെ ജി, അഴീക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍, ഇമ്പിച്ചിബാവ, പാലോളി, ചാത്തുണ്ണിമാസ്റ്റര്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ പങ്കെടുക്കുന്നു.എന്റെയും സംഘത്തിന്റെയും വിപ്ളവഗാനങ്ങളോടെയാണ് സമ്മേളനം തുടങ്ങേണ്ടത്. ഏറനാടന്‍ മണ്ണിന്റെ മണമുള്ള മാപ്പിളപ്പാട്ടുകള്‍! ചോരതിളയ്ക്കുന്ന വിപ്ളവഗാനങ്ങള്‍!എന്റെ സംഘത്തിലെ പ്രധാന ഗായികമാര്‍ ആയിഷ സഹോദരിമാരായിരുന്നു. പുളിക്കല്‍ത്തന്നെയുള്ളവര്‍. അവര്‍ എത്തിയിട്ടില്ല. വിളയില്‍ വല്‍സല സംഘത്തില്‍വന്നിട്ട് ഒരുവര്‍ഷം തികയുന്നേയുള്ളു. തനിച്ചുപാടാനുള്ള പാകതവന്നിട്ടില്ല. ആയിഷാ സഹോദരിമാരുടെ തണലില്‍ കോറസ്സ് പാടുന്നു എന്നുമാത്രം.ആയിഷാ സഹോദരിമാര്‍ കുട്ടികളാണെങ്കിലും അവര്‍ ആള്‍ക്കൂട്ടത്തെ ഇളക്കും. ആസ്വാദകരെ കൈയിലെടുക്കാന്‍ പറ്റിയ മധുരമൂറുന്ന ശബ്ദം! ശ്രുതിയും താളവും ഇണക്കി മാപ്പിളപ്പാട്ടിന്റെ തേനിശലുകള്‍ ഒഴുകിയെത്തുമ്പോള്‍ ഹര്‍ഷാരവങ്ങള്‍ മുഴങ്ങും. ജനങ്ങളുടെ ഹരമായിരുന്നു ആയിഷാ സഹോദരിമാര്‍. അന്നത്തെ പാര്‍ടി യോഗങ്ങളിലെല്ലാം ഞങ്ങളുടെ വിപ്ളവഗാനങ്ങളും മാപ്പിളപ്പാട്ടുകളും പതിവായിരുന്നു.അക്കാലം സിനിമാവേദികളില്‍ നിറഞ്ഞുനിന്നിരുന്ന പ്രേംനസീറും ബാബുരാജും പലകുറി ഞങ്ങളുടെ ഗാനമേളകളുടെ ഉദ്ഘാടനം നിര്‍വഹിച്ചിട്ടുണ്ട്. സദസ്സുകളില്‍ മണിക്കൂറുകളോളം ഇരുന്ന് ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.പാര്‍ടി സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രത്യേക ആവേശമായിരുന്നു. വിപ്ളവത്തിന്റെ ചൂടും ചൂരും.സമയം പതിനൊന്നു കഴിഞ്ഞു. ആയിഷാ സഹോദരിമാര്‍ എത്തിയിട്ടില്ല. ആശങ്കകള്‍ നിറഞ്ഞ നിമിഷങ്ങള്‍. കാത്തിരിപ്പ്!പള്ളിയാളിമാസ്റ്റര്‍ നെറ്റിതെറുത്ത് കിഴക്കോട്ട് തറച്ചുനോക്കുന്നു. മുഖത്ത് ചില ഭാവപ്പകര്‍ച്ചകള്‍. ഗേറ്റ് തള്ളിത്തുറന്ന് തിടുക്കത്തില്‍ മുറ്റത്തേക്ക് വന്നു. എന്തോ പന്തികേടുള്ളപോലെ.'ഹൈദ്രോസ് കാക്ക വര്ണ്ണ്ട്. കുട്ടികളെ കാണുന്നില്ല'.വയറ്റില്‍ ഒരു കാളല്‍! എന്റെ മനസ്സ് തുടിക്കുകയാണ്.സഖാവ് പള്ളിയാളിയും ഞാനും ഉദ്വോഗത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി:'കുട്ടികള്‍ ഇന്ന് ബരൂലാ'.മുഖവുര കൂടാതെ അയാള്‍ പറഞ്ഞു.അല്‍പ്പനേരത്തെ മൌനം.'പാര്‍ടി പരിപാടിക്ക് കുട്ടികളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ലീഗുകാരനാണെന്ന് കുട്ടിക്കറിയാലോ?'അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.ഒരക്ഷരം ഉരിയാടന്‍ പറ്റുന്നില്ല. നാവ് വരണ്ടിരിക്കുന്നു. കൈകാലുകള്‍ തളരുന്നു!സഖാവ് കാരിക്കുഴിയനും പള്ളിയാളിമാസ്റ്ററും ഇടയില്‍ക്കയറി പറഞ്ഞു:'ഇന്നത്തെ ഒരൊറ്റ പരിപാടിക്ക്കൂടി...''പറ്റൂല'. ദൃഢമായിരുന്നു ആ സ്വരം.സ. കാരിക്കുഴിയന്‍ കസാലയില്‍ വന്നിരുന്നു.'ഞാന്‍ പോട്ടെ?'അയാള്‍ മുറ്റത്തേക്കിറങ്ങി. പള്ളിയാളിമാഷ് അന്തിച്ചുനിന്നു.കുറേനേരം നീണ്ട നിശ്ശബ്ദത!വല്‍സല വാതിലും പിടിച്ച് പരിഭ്രമത്തോടെ നില്‍ക്കുന്നു. മരണവീട്ടിലെ മൂകത.'വല്ലാത്തൊരു ചതിയായല്ലോ'. പള്ളിയാളി പിറുപിറുത്തു.'നമുക്ക് നമ്മുടെ വല്‍സലമതി'. നീ പുറപ്പെടൂ!'കാരിക്കുഴിയന്‍ ചാടിയെഴുന്നേറ്റു.'ഞാനില്ല. നമുക്കീ പരിപാടി ക്യാന്‍സല്‍ചെയ്യാം''പറ്റൂല. പാര്‍ടി തീരുമാനമാണ്. അതു മാത്രമല്ല, ഭയങ്കര പരസ്യമാണ് പരിപാടിക്ക്. ചെന്നില്ലെങ്കില്‍ മാനക്കേടും'.'ചെന്നാലും മാനംകെടും. ആരുണ്ട് പാടാന്‍?''നീയും വല്‍സലയും പാടിയാല്‍ മതി. വേഗം പുറപ്പെടൂ'.പള്ളിയാളി എന്റെ പുറത്ത് തട്ടി.'അവള്‍ ഒറ്റയ്ക്ക് ഇതുവരെ പാടിയിട്ടില്ല'.'ഇന്നു പാടിക്കാം'.'താളവും ശ്രുതിയും ഉറച്ചിട്ടില്ല. സംഗീതത്തെക്കുറിച്ച് നല്ല ബോധമുള്ളവരാണ് തിരൂരിലെ ആസ്വാദകര്‍'.'അവള്‍ കുട്ടിയല്ലേ'. കുറച്ചൊക്കെ തെറ്റിയാലും നമ്മുടെ സഖാക്കള്‍ പൊറുക്കും. എനിക്കവര്‍ ധൈര്യംപകര്‍ന്നു. എന്നിട്ടും ഞാന്‍ മടിച്ചുനിന്നു.അപ്പോഴേക്കും സഖാവ് വാസു എത്തി.'എന്താ പുറപ്പെടാറായില്ലെ? പാര്‍ടി സഖാക്കളെല്ലാം പോയിക്കഴിഞ്ഞു'.വാസുവേട്ടന്‍ തിരക്കുകൂട്ടി.'ഇന്ന് നമ്മള്‍ക്ക് വല്‍സലയുടെ അരങ്ങേറ്റമാക്കാം. ഇത്രയും നല്ലൊരു സ്റ്റേജ് നമുക്കിനി കിട്ടുമോ?'പള്ളിയാളി ആവേശംപകര്‍ന്നെങ്കിലും എന്റെ മനസ്സ് പിടയ്ക്കുകയായിരുന്നു. ഞാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മറ്റൊരു ഗായികയെ പഠിപ്പിച്ചെടുക്കാന്‍ സമയമില്ല. പെട്ടെന്ന് ഒരു ഗായികയെ കിട്ടുകയുമില്ല. വല്ലാത്ത ഭീതി എന്നെ പിടികൂടി.'ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല. ഇറങ്ങ്!'വാസു ധൃതികൂട്ടി.വല്‍സലയുടെ മുഖത്ത് ഭീതിയും പരിഭ്രമവും.ഞങ്ങള്‍ ഇറങ്ങി.വണ്ടിവിട്ടു. മനസ്സ് പതറുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല.കഴിഞ്ഞ നിരവധി സ്റ്റേജുകള്‍! ആള്‍ക്കൂട്ടത്തിന്റെ കൈയടികള്‍! ഹര്‍ഷാരവങ്ങള്‍! പരിപാടിക്കിറങ്ങുമ്പോള്‍ ആവേശമായിരുന്നു. ധൈര്യമായിരുന്നു. താങ്ങും തണലുമായുണ്ടായിരുന്ന പൂങ്കുയിലുകള്‍! അവരിന്ന് കൂടെയില്ല. വീട്ടിന്റെ മൂലയിലെവിടെയെങ്കിലുമിരുന്ന് അവര്‍ കരയുന്നുണ്ടാവും. ബാപ്പ ലീഗ് പ്രവര്‍ത്തകനായിപ്പോയി. പാര്‍ടി സ്റ്റേജുകളില്‍ പാടിയിരുന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. കല്യാണപ്പരിപാടികളായിരിക്കും എന്ന ധാരണയിലായിരുന്നു അദ്ദേഹം കുട്ടികളെ പറഞ്ഞയച്ചിരുന്നത്. രക്ഷിതാക്കളാരും കുട്ടികളെ അനുഗമിച്ചിരുന്നില്ല.പാര്‍ടി പരിപാടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അവര്‍ പറയും: 'പടച്ച റബ്ബേ! ബാപ്പ അറിയോ? അറിഞ്ഞാ ബിടൂല. ബാപ്പ ലീഗാ...'ആയിഷ ഓര്‍മിപ്പിക്കുമായിരുന്നു.ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു.ജില്ലാ സമ്മേളനത്തിന്റെയും ഗാനമേളയുടെയും പരസ്യം മലപ്പുറം ജില്ലയില്‍ ഉടനീളമുണ്ടായിരുന്നു. ആരെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിക്കാണും. അതുമല്ലെങ്കില്‍ തിരൂര്‍ പരിപാടിക്ക് വേണ്ടി പ്രത്യേകം തൈപ്പിച്ച ചുവന്ന പാവാടയും ജംബറും ധരിച്ച് പരിപാടിക്കിറങ്ങിയപ്പോള്‍ സംഗതി മനസ്സിലാക്കി തടഞ്ഞതുമാകാം.ഒരാഴ്ചമുമ്പേ അറിഞ്ഞിരുന്നുവെങ്കില്‍ എന്തെങ്കിലും വഴിയുണ്ടാക്കാമായിരുന്നു. ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.അതിനിടയില്‍ കാര്‍ സമ്മേളനനഗരിയിലെത്തി.കൂറ്റന്‍ കമാനങ്ങള്‍! ഉയരത്തില്‍ പറക്കുന്ന ചെങ്കൊടികള്‍! കാറ്റില്‍ ഒച്ചവച്ച് ശബ്ദമുണ്ടാക്കുന്ന തോരണങ്ങള്‍! ഉയരത്തിലുള്ള വിശാലമായ സ്റ്റേജ്. പിന്നില്‍ പാര്‍ടിയുടെ പൂര്‍വകാല നേതാക്കളുടെ കട്ടൌട്ടുകള്‍!സ്റ്റേജിനുമുമ്പില്‍ വിശാലമായി പരന്നുകിടക്കുന്ന പറമ്പ്. അതോ വയലോ? ഓര്‍മയില്ല. സ്റ്റേജിനുപിന്നില്‍ കലാകാരന്മാര്‍ക്ക് വിശ്രമിക്കാനും റിഹേഴ്സലിനുമുള്ള മറപ്പന്തല്‍. പിന്നെ താല്‍ക്കാലിക ഓഫീസ്.പന്തലിനടുത്ത് കാര്‍ നിര്‍ത്തി. സമയം വൈകി എത്തിയതില്‍ പ്രവര്‍ത്തകര്‍ക്ക് പരിഭ്രമം. തിരൂര്‍ ഷാ കാറിനടുത്തേക്ക് ഓടിവന്നു.ഞങ്ങളുടെ ഗായകസംഘത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിക്കുന്നത് തിരൂര്‍ക്കാരനായ ഷാ ഭായി ആണ്. പരിപാടിക്ക് മുമ്പായി റിഹേഴ്സലിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍.'കുട്ടികള്‍ എവിടെ?'അദ്ദേഹം ജിജ്ഞാസയോടെ കാറിനകത്തേക്ക് എത്തിനോക്കി.'അവര്‍ വന്നിട്ടില്ല. വരികയുമില്ല'.'ങേ...?'ഷാഭായിയുടെ മുഖത്ത് മ്ളാനത. അദ്ദേഹത്തിന്റെ സ്വന്തംനാട്ടിലാണ് പരിപാടി. അത് പരാജയപ്പെട്ടാല്‍ അഭിമാനപ്രശ്നമാണ്. ഓര്‍ക്കസ്ട്രേഷന്റെ നേതൃത്വം അദ്ദേഹത്തിനാണ്.തെല്ലുനേരത്തെ മൌനത്തിനുശേഷം ഷാഭായ് ധൈര്യംപകര്‍ന്നു.'സാരമില്ല. ഇവിടെ മാഷും വല്‍സലയുംതന്നെ പാടിയാല്‍ മതി. മാപ്പിളപ്പാട്ടാണിവിടെ ആവശ്യം'.എന്നെ സമാധാനിപ്പിച്ചെങ്കിലും മനസ്സ് വേവുകയായിരുന്നു.സമയം അടുത്തു. മുദ്രാവാക്യങ്ങള്‍ അകലെനിന്ന് ഒഴുകിയെത്തി.കൂറ്റന്‍ ജാഥകള്‍!ഞങ്ങള്‍ സമ്മേളനനഗരിയിലേക്ക് നോക്കി. പലവഴിക്കുനിന്ന് ഒഴുകിയെത്തുന്ന ചുവന്ന പുഴകള്‍. മുന്നില്‍ റെഡ് വളണ്ടിയര്‍മാര്‍. പുഴകള്‍ സമുദ്രമായി. ചുവന്ന കടല്‍! ചെങ്കൊടികള്‍ ആകാശത്ത് പാറിപ്പറന്നു! സ്റ്റേജിനടുത്തുവരെ പുരുഷാരം!നേതാക്കളെല്ലാം സ്റ്റേജില്‍ അണിനിരന്നു.ശ്വാസംവിടാന്‍ ഇടമില്ല. വല്‍സലയെ സ്റ്റേജിലേക്ക് എങ്ങനെ കയറ്റും?മുന്‍ഭാഗത്തുനിന്നാണ് സ്റ്റേജിലേക്കുള്ള കോണി. അവിടെ ആളുകള്‍ ഇരുന്നുകഴിഞ്ഞു. ചാടിക്കടന്നുപോകാന്‍ നിവൃത്തിയില്ല.ഓര്‍ക്കസ്ട്ര ഒരുഭാഗത്ത്. ഷാഭായ്, ബഷീര്‍, ചന്തുമാസ്റ്റര്‍.ജനം ഇരമ്പുകയാണ്.'എവിടെ നമ്മുടെ കുട്ടി?'ഇമ്പിച്ചിബാവ വിളിച്ചുചോദിച്ചു. ഞാനും വല്‍സലയും സ്റ്റേജിന്റെ താഴെ ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങി അമരുകയാണ്.വല്‍സല പറഞ്ഞു:'മാഷേ എനിക്ക് വിറയ്ക്കുന്നു''നീയൊന്നു മിണ്ടാതിരിയെടി! ധൈര്യമായിരിക്ക്.'തൊട്ടടുത്തുനിന്ന സഖാവ് വാസു അവളുടെ പുറത്തടിച്ചു.അതിനിടയില്‍ സ്റ്റേജില്‍നിന്നൊരു ശബ്ദം!'വല്‍സലയെ സ്റ്റേജിലേക്ക് കേറ്റ്!'അഴീക്കോടന്‍ രാഘവന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുവന്നു. സ്റ്റേജിന്റെ ഒരുഭാഗത്ത് താഴെനില്‍ക്കുന്ന വല്‍സലയെ പൊക്കിയെടുത്ത് സ്റ്റേജിലേക്കിട്ടു. കൂടെ ഞാനും ചാടിക്കയറി. ചുവന്ന പാവാടയും ജംബറും ചുകന്ന റിബണും കെട്ടിയ പതിനൊന്നു വയസ്സുകാരി മൈക്കിനുമുന്നില്‍ നിന്നപ്പോള്‍ നിലയ്ക്കാത്ത കരഘോഷം! ഹര്‍ഷാരവങ്ങള്‍...! മുദ്രാവാക്യങ്ങള്‍!ഷാഭായി ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ചു. ഞാനും വല്‍സലയും ഓരോ മൈക്കിനുമുമ്പില്‍.നോക്കെത്താത്തദൂരത്ത് മനുഷ്യപ്രവാഹം!ചെങ്കൊടികള്‍ ഇളകുന്നു. ചോന്നകടല്‍പ്പോലെ.'ഇനി തുടങ്ങാം'.സദസ്സ് നിശ്ശബ്ദം!ഹാര്‍മോണിയത്തില്‍ സമരഗാനത്തിന്റെ പശ്ചാത്തല സംഗീതം ഉയര്‍ന്നു. ബഷീറിന്റെ വിരലുകള്‍ തബലയില്‍ നൃത്തമാടി. സദസ്സ് കേള്‍ക്കാന്‍പോകുന്ന ഗാനത്തിന് താളമിട്ടു!'ചെന്നിണം കുതിര്‍ന്നൊരേറനാട്ടിലേ - രക്തവിപ്ളവത്തിന്‍ കഥകള്‍ കേട്ടു ഞങ്ങള്അന്നുവീണു മണ്‍മറഞ്ഞ ധീരര്‍തന്‍ - ചുടുചോരയില്‍ പിറന്നതാണ് ഞങ്ങള്!'തുടര്‍ന്ന് വല്‍സലയുടെ ശബ്ദം!'വെള്ളയോടുവാളെടുത്ത് പൊരുതിയോര്‍ - മലയാള മണ്ണിന്‍ മാനം കാത്തു പൂര്‍വികര്‍കള്ളരോടുകൂട്ടുനിന്നു ജന്മികള്‍ - അന്ന്ചോരചിന്തി ഞങ്ങള്‍തന്നുപ്പാപ്പമാര്‍.....'നീണ്ട കരഘോഷങ്ങള്‍! പ്രോല്‍സാഹനങ്ങള്‍!എന്റെ ശരീരം കോരിത്തരിച്ചു. സ്റ്റേജിലുള്ള നേതാക്കളും പാട്ടിനൊപ്പിച്ചു താളമിട്ടു.ഞങ്ങള്‍ ആദ്യത്തെ അഭിവാദനഗാനം പാടി നിര്‍ത്തി.നിലക്കാത്ത കൈയടികള്‍!ശ്വാസംനേരെ വീണു. ഞാന്‍ പുറകോട്ടു മാറി.രണ്ടാമത്തെ ഗാനത്തിന് പശ്ചാത്തല സംഗീതം ഉയര്‍ന്നു. വല്‍സലമാത്രം മൈക്കിനു മുന്നില്‍, സ്റ്റേജിന്റെ ഒരു ഭാഗത്തുനിന്ന് ഞാന്‍ താളമിട്ടു. അവള്‍ പാടി.'തൊള്ളായിരത്തിരുപത്തി ഒന്നില്‍ മാപ്പിളമാര്‍വെള്ളക്കാരോടേറ്റുപടവെട്ടിയേ...കൊള്ളയും കൊലയും പലതന്ന് മലനാട്ടില്‍കൊള്ളക്കാരും വെള്ളക്കാരും കാട്ടിയേ...''സദസില്‍നിന്ന് ഹര്‍ഷാരവം. പാട്ടിന്റെ താളത്തിനൊത്ത് സദസിന്റെ ആവേശപ്രകടനങ്ങള്‍. ഇമ്പിച്ചിബാവ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. പാട്ടിന്റെ താളത്തിനൊത്ത് കൈമുട്ടി. ജനത്തിന് ഹരം! മറ്റു നേതാക്കളും താളമിട്ടു.വല്‍സല പാടി നിര്‍ത്തി. അഴീക്കോടന്‍ വല്‍സലയെ പൊക്കിയെടുത്തു. ആവേശപ്രകടനങ്ങള്‍! അഭിനന്ദനങ്ങള്‍!തുടക്കത്തിന്റെ ചുവടുകള്‍ പിഴച്ചിട്ടില്ല!ഉടനെ മൈക്കിനു മുമ്പില്‍ എത്തിയത് സ. ഇമ്പിച്ചിബാവ. വല്‍സലയുടെ പാട്ടിന്റെ പശ്ചാത്തലമായിരുന്നു സഖാവിന്റെ പ്രസംഗം.അതുകഴിഞ്ഞ് അടുത്തപാട്ടിന് വല്‍സല മൈക്കിനു മുന്നില്‍ നിന്നപ്പോള്‍ സദസില്‍നിന്ന് ബാഡ്ജ് ധരിച്ച വനിതാ വളണ്ടിയര്‍ സ്റ്റേജിലേക്കോടിക്കയറി.നോട്ടുകള്‍ തുന്നിപ്പിടിപ്പിച്ച ചുകന്ന മാല വല്‍സലയുടെ കഴുത്തില്‍!സദസില്‍നിന്ന് കരഘോഷം!സ. ഇ എം എസ്. വല്‍സലയുടെ നെറുകയില്‍ കൈവച്ചു!ആദ്യത്തെ മാല. ചോന്ന നോട്ടുമാല!


*****************************************
ഭാഷ അടുക്കള

നാടന്‍ കോഴിക്കറി

റാണി ജോറ്ജ്ജ്. ദുബായ്


കോഴി ഇറച്ചി- 1 കിലോ.
ചെറിയ ഉള്ളി -അരകിലോ.
ഇഞ്ചി- 1 കഷ്ണം.
പച്ചമുളക്‌ എരിവുള്ളത്‌ 6 എണ്ണം.
വെളുത്തുള്ളി-3 എണ്ണം.
കറിവേപ്പില- 3 തണ്ട്‌.
മഞ്ഞള്‍പ്പൊടി -അരടിസ്പുണ്‍.
മുളകുപൊടി -2 ടിസ്പൂണ്‍.
മല്ലിപ്പൊടി -4 ടേബിള്‍സ്പൂണ്‍.
ഗരം മസാല പൊടി - അര ടിസ്പൂണ്‍.
കുരുമുളക്‌ പൊടി- അരടിസ്പൂണ്‍.
തേങ്ങപ്പാല്‍ - ഒരു മുറി തേങ്ങയുടെത്‌.
.ഉപ്പ്‌ പാകത്തിന്ന്.
തയ്യാറാക്കുന്ന വിധം
കോഴി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.അതില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്ത്‌ അര മണിക്കൂര്‍ വെയ്ക്കുക. അതിന്നു ശേഷം അടിവശം പരന്ന ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിക്കുക. അതിന്നു ശേഷം തണ്ടില്‍ നിന്ന് അടര്‍ത്തിയ കറിവേപ്പിലയിടുക. ഇതിലേക്ക്‌ അരിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്‌, ചെറിയ ഉള്ളി ഇവ യഥാക്രമം ചേര്‍ത്ത്‌ നല്ലവണ്ണം വയറ്റുക. അതിന്നു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ ചിനച്ചട്ടിയിലേക്ക്‌ ഇടുക. ഇട്ടതിന്ന് ശേഷം നല്ലവണ്ണം ഇളക്കുക. അതിന്നു ശേഷം ഒരു കപ്പ്‌ വെള്ളമൊഴിച്ച്‌ അടച്ച്‌ ചെറുതീയില്‍ വേവിക്കുക.ഇറച്ച്‌ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക്‌ ഇളക്കിക്കൊടുക്കണം.ഇറച്ചി പകുതി വേവായാല്‍ പാകത്തിന്ന് ഉപ്പ്‌ ചെര്‍ക്കുക.പിന്നിട്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ വേവിക്കുക.ഇറച്ചി നല്ലവണ്ണം വെന്തുകഴിഞ്ഞാല്‍ തീയണച്ച്‌ ഒന്നാം പാല്‍ ചേര്‍ക്കുക. അതിന്നു ശേഷം കറിവേപ്പില തണ്ടോടുകൂടി രണ്ടെണ്ണം ഇടുക. ചൂടാറിയ ശേഷം സ്വാദിഷ്ഠമായ ഈ കറി ചോറിനോപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം
**********************************